LiveTV

Live

Kerala

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു
Summary
സമരം സർക്കാരിനോ പാർട്ടിക്കോ എതിരല്ലായിരുന്നെന്നും ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കുമെന്നും പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ.കെ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്ന് രാജിവെച്ചു. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നാണ് രാജി. 2001 മുതല്‍ ദേശാഭിമാനിയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ശ്രീജിത്ത്. ജിഷ്ണു പ്രണോയിക്ക് നീതി തേടിയുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ തന്നെ ബന്ധപ്പെടുത്തി ദേശാഭിമാനിയെ അപകീര്‍ത്തി പെടുത്താന്‍ ചില നീക്കങ്ങള്‍ നടക്കുന്നതായും ശ്രീജിത്ത് നല്‍കിയ രാജി കത്തില്‍ വിശദീകരിക്കുന്നു. ശ്രീജിത്തിന്‍റെ പ്രാഥമിക അംഗത്വം പുതുക്കേണ്ടെന്ന് പാര്‍ട്ടി ഘടകം തീരുമാനം എടുത്തതിന് പിന്നാലെയാണ് രാജി.

അതേ സമയം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിൽ അതിയായ വിഷമമുണ്ടെന്ന് ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്ത് പറഞ്ഞു. ഡി.ജി.പി ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിൽ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നീതി നിഷേധമുണ്ടായി. സമരം സർക്കാരിനോ പാർട്ടിക്കോ എതിരല്ലായിരുന്നെന്നും ഇക്കാര്യം പാർട്ടിയോട് വിശദീകരിക്കുമെന്നും പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ സമരത്തിലുടെ തലസ്ഥാനത്തെ മണിക്കൂറുകളോളം മുൻമുനയിൽ നിർത്തുകയും സർക്കാരിനെ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്ത സംഭവത്തിനു പിന്നിലും പാർട്ടി പത്രത്തിന്‍റെ ലേഖകൻ കൂടിയായ ശ്രീജിത്താണെന്നാണു പാർട്ടി വിലയിരുത്തൽ.