LiveTV

Live

Kerala

പത്താംതരം വരെ മലയാള പഠനം നിര്‍ബന്ധം; ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

 പത്താംതരം വരെ മലയാള പഠനം നിര്‍ബന്ധം; ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി
Summary
ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഓർഡിനൻസിന്‍റെ കരടിന് അംഗീകാരം നൽകി

സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താം ക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കടക്കം മലയാള ഭാഷാ പഠനം നിര്‍ബന്ധമാകും. പാലിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.

പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കാന്‍ തയ്യാറാകാത്ത സ്കൂളുകളുടെ അംഗീകാരം തന്നെ റദ്ദാക്കുന്നതാണ് ഓര്‍ഡിനന്‍സ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് അതാത് ബോര്‍ഡുകളാണ്. എങ്കിലും ഓര്‍ഡിനന്‍സ് പാലിച്ചില്ലെങ്കില്‍ ഈ സ്കൂളുകള്‍ക്കുള്ള എന്‍ഓസി റദ്ദാക്കാന്‍ സംസ്ഥാനത്തിന് കഴിയും.

ഓര്‍ഡിനന്‍സ് വരുന്നതോടെ സ്കൂളുകളില്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാവും. ഇത്തരം സ്കൂളുകള്‍ക്ക് പിഴ ഈടാക്കും. മൂന്ന് തവണ പിഴയൊടുക്കേണ്ടിവരുന്ന സ്കൂളുകളുടെ എന്‍ഓസി പിന്‍വലിക്കും.

മലയാളം പറഞ്ഞാല്‍ തലമൊട്ടയടിക്കുന്ന ശിക്ഷാ നടപടികള്‍പോലും പല സ്കൂളുകളിലും നിലവിലുള്ള സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിട്ടും മലയാളത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന വിമർശം പരിഗണിച്ച് പന്ത്രണ്ടാം ക്ലാസ് വരെ മലയാള പഠനം നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ സിബിഎസ്ഇ ക്ലാസുകളില്‍ ഹയര്‍സെക്കണ്ടറിയില്‍ ഭാഷാപഠനം ഇല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് പത്താം ക്ലാസ് വരെ പരിമിതപ്പെടുത്തുകയായിരുന്നു.

വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷം മലയാളം പരീക്ഷ ഉണ്ടാവില്ല.

ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന്റെ കരടിന് അംഗീകാരം നല്‍കിയത്. ഗവര്‍ണറുടെ അംഗീകാരത്തിന് ശേഷം അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാവും.