LiveTV

Live

Kerala

മദ്രസാധ്യാപകന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

Summary
കാസര്‍കോട് മദ്രസാധ്യാപകനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

കാസര്‍കോട് മദ്രസാധ്യാപകനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. റിയാസ് മൗലവി വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ കാസര്‍കോട് കുഡ്ളു കേളുഗുഡെ സ്വദേശികളായ എസ് അജേഷ് ,നിധിന്‍ ,അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.

മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് കാസര്‍കോട് ചൂരിയിലെ മദ്രസാധ്യാപകനായ റിയാസ് മൌലവിയെ വെട്ടിക്കൊന്നത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം തന്നെ പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടന്നു. ഇതില്‍ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികളെ കൊല നടന്ന സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. വിശദമായ ചോദ്യം ചെയ്യലിലൂടെ ഗൂഡാലോചന പുറത്ത് കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം റിയാസ് മൌലവി വധക്കേസിലെ ഗുഡാലോചന പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മദ്രസ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

റിയാസ് മൌലവി വധക്കേസിലെ മൂന്ന് പ്രതികളും ആര്‍എസ്എസ് പരിശീലകരാണ്. ഇവര്‍ക്ക് കര്‍ണാടകയില്‍ നിന്നും സഹായം ലഭിച്ചതായും ആരോപണമുണ്ട്.