LiveTV

Live

Kerala

കേരള രാഷ്ട്രീയത്തില്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന ആറാമത്തെ മന്ത്രി

കേരള രാഷ്ട്രീയത്തില്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന ആറാമത്തെ മന്ത്രി
Summary
പി.ടി ചാക്കോയില്‍ ആരംഭിക്കുന്ന പട്ടികയിലാണ് ഒടുവിലത്തെ പേരായി എകെ ശശീന്ദ്രനും ഉള്‍പ്പെട്ടത്.

കേരള രാഷ്രട്രീയത്തില്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെക്കുന്ന ആറാമത്തെ മന്ത്രിയാണ് എകെ ശശീന്ദ്രന്‍. പി.ടി ചാക്കോയില്‍ ആരംഭിക്കുന്ന പട്ടികയിലാണ് ഒടുവിലത്തെ പേരായി എകെ ശശീന്ദ്രനും ഉള്‍പ്പെട്ടത്. രാജിവെച്ച ആറ് മന്ത്രിമാരില്‍ മൂന്നു പേരും ഗതാഗത മന്ത്രിമാരായിരുന്നു എന്നതും സവിശേഷതയാണ്.

1964ല്‍ ആഭ്യന്തര- റവന്യു മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്തരം ആരോപണത്തെത്തുടര്‍ന്ന് രാജി വെച്ച ആദ്യ മന്ത്രി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ കൂടെ ഒരു സ്ത്രീയുണ്ടായിരുന്നു എന്നായിരുന്നു ആരോപണം.

ഇ.കെ. നായനാര്‍ മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍പ്പെടുന്നത്. 1999ല്‍ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നാടാര്‍ക്കെതിരായ ആരോപണം. ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന വിളിപ്പിച്ച മന്ത്രി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് നെറ്റോ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാടാര്‍ രാജി വെച്ചു.

കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന ആരോപണമാണ് 2005ല്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ രാജിയിലേക്ക് നയിച്ചത്. വിമാനയാത്രക്കിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് 2006ല്‍ പിജെ ജോസഫും രാജി വെച്ചിരുന്നു.

തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നല്‍കിയതിനെ തുടര്‍ന്ന് 2013 ഏപ്രിൽ 1-ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് കെബി ഗണേഷ് കുമാറിനും രാജി വെക്കേണ്ടിവന്നു.