LiveTV

Live

Kerala

കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കോഴ ആരോപണം: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ കോഴ ആരോപണം: ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
Summary
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റു

കേരളാ കോണ്‍ഗ്രസ് എം ഭരിക്കുന്ന കാഞ്ഞിരപ്പള്ളി കാര്‍ഷിക സഹകരണ ബാങ്കില്‍ കോഴവാങ്ങി നിയമനം നടന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചെരുന്ന ഹോളിലേക്ക് ഇടിച്ചുകയറി പ്രവര്‍ത്തകര്‍ കസേരകള്‍ അടിച്ചു തകര്‍ത്തും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും മര്‍ദ്ദിച്ചു.

കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പ്യൂണ്‍നിയമനത്തില്‍‍ കോഴ വാങ്ങിയെന്നാരോപിച്ച് ഉച്ചയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘ‍ടിപ്പിച്ചത്. ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിച്ച് തള്ളിക്കയറുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ ബോര്‍ഡ് അംഗം സാജന്‍ തൊടുകയെയും മറ്റ് അംഗങ്ങളെയും മര്‍ദ്ദിച്ചു.

14 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് 10 അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ ചിലര്‍ 15 ലക്ഷം രൂപ കോഴ വാങ്ങി പ്യൂണ്‍ നിയമനം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാജന്‍ തൊടുകയെ കാഞ്ഞിരപ്പള്ളി ജില്ലാ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.