LiveTV

Live

Kerala

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവരുടെ വര്‍ണങ്ങളുമായി വൈബ്സ്

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവരുടെ വര്‍ണങ്ങളുമായി വൈബ്സ്
Summary
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

നിറങ്ങളില്ലാത്ത ലോകത്ത് ജീവിക്കുന്നവര്‍ നിറം പകര്‍ന്ന ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വൈബ്സ് എന്ന് പേരിട്ട പ്രദര്‍ശനത്തില്‍ അറുപത് ചിത്രങ്ങളുണ്ട്.

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ ഉള്ളിലുള്ള വര്‍ണ്ണങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറത്തുള്ള ലോകത്തിന് ഈ നിറങ്ങളുടെ അര്‍ഥം ഒരുപക്ഷേ മനസ്സിലാവണമെന്നില്ല. ഓരോ ചിത്രത്തിനും വരച്ചവര്‍ തന്നെ പേരും നിര്‍ദേശിച്ചു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം അന്തേവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ ചെലവുമുഴുവന്‍ വഹിക്കുന്നത് കോഴിക്കോട് ഐ ഐ എമ്മിലെ വിദ്യാര്‍ഥികളാണ്.