LiveTV

Live

Kerala

മടപ്പള്ളിയിലെ എസ്എഫ്ഐ സമരം സിപിഎം ഏറ്റെടുക്കുന്നു

മടപ്പള്ളിയിലെ എസ്എഫ്ഐ സമരം സിപിഎം ഏറ്റെടുക്കുന്നു
Summary
മടപ്പള്ളി കോളജില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സിപിഎം ഏറ്റെടുക്കുന്നു

മടപ്പള്ളി കോളജില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം സിപിഎം ഏറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന പ്രതിരോധ സദസ്സ് നാളെ കോളജില്‍ നടക്കും.

"വിശുദ്ധ വസ്ത്രമായ പര്‍ദ്ദ ഇട്ട് മുഖം മറക്കുന്നതിന് പകരം മനസ്സ് കറുപ്പിച്ച പ്രിയ സോദരി (ഇതല്ല നിന്നെ വിളിക്കേണ്ടത്). സ്ത്രീത്വം എന്തെന്ന് നിനക്ക് അറിയുമോ?. മാനത്തിന് വിലപറഞ്ഞ് സഖാക്കളുടെ പേരില്‍ കള്ളക്കേസ് കൊടുത്തപ്പോള്‍ സ്ത്രീത്വം എന്തെന്ന് ഓര്‍ക്കണമായിരുന്നു". ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചുവെന്നത് അടക്കമുള്ള പരാതി എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പൊലീസില്‍ നല്‍കിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി സല്‍വ അബ്ദുല്‍ഖാദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രചരണങ്ങളില്‍ ചിലതാണിത്. സല്‍വയേയും സഹപ്രവര്‍ത്തകരേയും എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സല്‍വയുടെ പരാതിയുടെ അടിസ്ഥാനത്തില്‍‌ പോലീസ് കേസ് എടുത്തു. അതിനിടയിലാണ് സല്‍വയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചരണം എസ്എഫ്ഐ ശക്തിപ്പെടുത്തിയത്. അതാണ് ഇപ്പോള്‍ സിപിഎം ഏറ്റെടുക്കുന്നത്.

നാളെ കോളജ് പരിസരത്ത് പ്രതിരോധ സംഗമം എന്ന് പേരിട്ട സമര പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. സ്ത്രീവിരുദ്ധതയാണെന്ന ആക്ഷേപവും സിപിഎം തള്ളി. മടപ്പള്ളി കോളേജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന എസ്.എഫ്.ഐ സ്ത്രീ വിരുദ്ധ നിലപാടു സ്വീകരിക്കുന്നതായുള്ള ആക്ഷേപം ഇപ്പോഴും ശക്തമാണ്.

ലോ അക്കാദമി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തുന്നതിനിടെയാണ് സല്‍വാ അബ്ദുല്‍ ഖാദറടക്കമുള്ളവര്‍ നേരത്തെ ആക്രമിക്കപ്പെട്ടത്.