LiveTV

Live

Kerala

വാഹന പരിശോധനക്കിടെ വിദ്യാര്‍ഥിയെ ബൈക്കില്‍ നിന്നും വലിച്ച് വീഴ്ത്തിയതായി പരാതി

വാഹന പരിശോധനക്കിടെ വിദ്യാര്‍ഥിയെ ബൈക്കില്‍ നിന്നും വലിച്ച് വീഴ്ത്തിയതായി പരാതി
Summary
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെയാണ് സംഭവം

കോഴിക്കോട് കോവൂരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധനക്കിടെ വിദ്യാര്‍ഥിയെ ബൈക്കില്‍ നിന്നും വലിച്ച് താഴെയിട്ടതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പരുക്കകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മോഡല്‍ പരീക്ഷക്കായി സ്കൂളിലേക്ക് വരുന്ന വഴിക്കാണ് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയത്. വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് സംഘം എം എല്‍ എ റോഡിന് സമീപത്തു വെച്ച് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബൈക്ക് നിര്‍ത്താതെ മുന്നോട്ട് പോകുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കുട്ടിയെ വലിച്ച് താഴെയിടുകയായിരുന്നുവെന്നാണ് പരാതി.

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തില്‍ തന്നെ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഈ സമയത്ത് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ മെഡിക്കല്‍ കോളേജ് പോലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെത്തി പരാതി നല്കിയെങ്കിലും കേസെടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഓ അറിയിച്ചു.