LiveTV

Live

Kerala

ഡിവൈഎഫ്‍ഐ പുതിയ ദേശീയനേതൃത്വം ഇന്ന്

ഡിവൈഎഫ്‍ഐ പുതിയ ദേശീയനേതൃത്വം ഇന്ന്
Summary
എം ബി രാജേഷിന് പകരം പ്രീതി ശേഖര്‍ പ്രസിഡന്‍റായേക്കും

ഡിവൈഎഫ്‍ഐയുടെ പുതിയ ദേശിയ നേതൃത്വത്തെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ പ്രസിഡന്റായ എംബി രാജേഷ് സ്ഥാനമൊഴിയുമ്പോള്‍ ജനറല്‍ സെക്രട്ടറി തുടരാനാണ് സാധ്യത. ഭരണഘടന ഭേദഗതിക്കും സമ്മേളനം ഇന്ന് അംഗീകാരം നല്‍കും.

നിലവില്‍ ദേശിയ പ്രസിഡന്‍റായ എംബി രാജേഷ് കൊച്ചിയിലെ ദേശിയ സമ്മേളനത്തോടെ തല്‍സ്ഥാനം ഒഴിയും. പാലക്കാട് നിന്നുള്ള എംപി കൂടിയായ രാജേഷിന് മുഴുവന്‍ സമയപ്രവര്‍ത്തനത്തിന് തടസമുണ്ട്. ഒപ്പം തന്നെ പ്രായവും തടസമാണ്. രാജേഷിന് പകരം മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രീതി ശേഖര്‍ പുതിയ പ്രസിഡന്‍റാകും.

നേതൃത്വത്തിലേക്ക് വനിതകളെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായതും ദുര്‍ബല സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നതും നിലവിലെ ദേശിയ വൈസ് പ്രസിഡന്‍റ് കൂടിയായ പ്രീതിക്ക് അനുകൂലഘടകമാണ്. പ്രീതി പ്രസിഡന്‍റ് സ്ഥാനത്തെത്തിയാല്‍ ഡിവൈഎഫ്ഐയുടെ ചരിത്രത്തിലെ ആദ്യ വനിത ദേശിയപ്രസിഡന്‍റാകും പ്രീതി ശേഖര്‍.

അതേസമയം ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജി തന്നെ തുടര്‍ന്നേക്കും. കേരളത്തില്‍ നിന്നുള്ള പി എ മുഹമ്മദ് റിയാസിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഭരണഘടന ഭേദഗതിക്കും അവസാനദിവസം സമ്മേളനം അംഗീകാരം നല്‍കും. ഘടകങ്ങളില്‍ വനിതപ്രാതിനിധ്യം 20 ശതമാനം ഉയര്‍ത്തുകയെന്നതാണ് ഭേദഗതിയില്‍ ഏറ്റവും പ്രധാനം. ഒപ്പം തന്നെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ വോട്ടവകാശമില്ലാതെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നതും ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. വനിതപ്രാതിനിധ്യം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി വരുന്നതിനാല്‍ നിലവിലെ കേന്ദ്ര കമ്മിറ്റികളിലെ അംഗസംഖ്യയിലും മാറ്റം വരും.