LiveTV

Live

Kerala

കുടിവെള്ള വിതരണം മുടങ്ങി; വൈറ്റില - തൃപ്പുണിത്തുറ ദേശീയ പാത നാട്ടുകാർ ഉപരോധിച്ചു

കുടിവെള്ള വിതരണം മുടങ്ങി; വൈറ്റില - തൃപ്പുണിത്തുറ ദേശീയ പാത നാട്ടുകാർ ഉപരോധിച്ചു
Summary
8 ദിവസമായി എറണാകുളം വൈറ്റില തൈക്കുടത്ത് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു

കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് എറണാകുളം വൈറ്റില - തൃപ്പുണിത്തുറ ദേശീയ പാത നാട്ടുകാർ ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഉടൻ കുടിവെള്ളം ലഭ്യമാക്കാമെന്ന വാട്ടർ അതോറിറ്റി അധികൃതരുടെ ഉറപ്പിനെ തുടർന്ന് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു.

8 ദിവസമായി എറണാകുളം വൈറ്റില തൈക്കുടത്ത് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലാണ് കോർപ്പറേഷൻ പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. ടാങ്കർ വഴി വെള്ളമെത്തിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. മെട്രോ നിർമാണത്തിന്റെ മേൽനോട്ട ചുമതലയുള്ള കോൺട്രാക്ടറും വാട്ടർ അതോറിറ്റി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഉപരോധത്തെ തുടർന്ന് വൈറ്റില - തൃപ്പൂണിത്തുറ ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈകീട്ട് 6 മണിക്ക് ആരംഭിച്ച ഉപരോധം 6 മണിക്കൂറോളം നീണ്ടു. ഒടുവിൽ വാട്ടർ അതോറിറ്റി അധികൃതരെത്തി അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കി കുടിവെള്ളമെത്തിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.