LiveTV

Live

Kerala

ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന് കെഎസ്ഇബി ജീവനക്കാര്‍
Summary
ഹൈക്കോടതി വിധി പോലും അധികൃതര്‍ പാലിക്കുന്നില്ല

ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന കെഎസ്ഇബിയിലെ ലൈന്‍മാന്‍മാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായി പരാതി. ഹൈക്കോടതി വിധി ഉണ്ടായിട്ടും ഇക്കാര്യത്തില്‍ കെ എസ് ഇ ബി അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജോലി ഭാരം കൂടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നുണ്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കെ എസ് ഇ ബിയിലെ ലൈന്‍മാന്‍മാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണം എന്നത്. എന്നാല്‍ ജോലി ഭാരം കൂടിയതല്ലാതെ യാതൊരു മാറ്റവും ഇതിന് ഉണ്ടായിട്ടില്ല. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകള്‍ നടപ്പാക്കുമെന്ന് ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കെ എസ് ഇ ബി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇതും നടപ്പായില്ല. ഡെ ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും ഒരു മിച്ച് ചെയ്യണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

ഷിഫ്റ്റ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത 5 ജീവനക്കാരെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.