LiveTV

Live

Kerala

ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടം മണ്ഡലപൂജയോടെ സമാപിച്ചു

ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടം  മണ്ഡലപൂജയോടെ സമാപിച്ചു
Summary
തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടം മണ്ഡലപൂജയോടെ സമാപിച്ചു. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി തെക്കുംപറന്പത്ത് ഉണ്ണികൃഷ്ണന്‍ നന്പൂതിരിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

രാവിലെ പതിനൊന്നരയോടെയാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. കലശത്തോടെയും കളഭാഭിഷേകത്തോടെയുമായിരുന്നു പൂജയുടെ തുടക്കം. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ കളഭവും 25 കലശവും പൂജിച്ചു. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിഞ്ഞു. ഇതിനു ശേഷം കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം ചെയ്തു. ശേഷം പ്രസന്ന പൂജയ്ക്കായി നടയടച്ച സമയം വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിഞ്ഞതോടെയാണ് മണ്ഡലപൂജ സമാപിച്ചത്.

മണ്ഡലപൂജയ്ക്കു ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നട അടച്ചു. വൈകിട്ട് നാലുമണിയ്ക്ക് നടതുറന്ന്, രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ഇന്ന് രാവിലെ പത്തിന് അവസാനിച്ച നെയ്യഭിഷേകം 31ന് രാവിലെ ആരംഭിയ്ക്കും.

ഇന്നലെ വൈകീട്ടാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ആയിരക്കണക്കിന് ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനത്തിനായി എത്തിയത്. നിയന്ത്രണമുണ്ടായിരുന്നതിനാല്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്.