LiveTV

Live

Kerala

പുതിയ ‍ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു

 പുതിയ ‍ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചു
Summary
തൃശൂരില്‍ ടി എന്‍ പ്രതാപനും കോഴിക്കോട് ടി സിദ്ദീഖും കൊല്ലത്ത് ബിന്ദുകൃഷ്ണയും

കേരളത്തിലെ പുതിയ ഡിസിസി പ്രസിഡണ്ടുമാരുടെ പേരുകള്‍ ഹൈക്കമാന്‍റ് പ്രഖ്യാപിച്ചു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചിരിക്കുന്നത്. തൃശൂരില്‍ ടി എന്‍ പ്രതാപനും, ആലപ്പുഴയില്‍ എം ലിജുവും, കോഴിക്കോട് ടി സിദ്ധീഖും മലപ്പുറത്ത് വി വി പ്രകാശും, കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും ഡിസിസി അധ്യക്ഷന്മാരാകും. കൊല്ലത്ത് ബിന്ദു കൃഷ്ണയാണ് പട്ടികയിലെ ഒരേയൊരു സ്ത്രീസാന്നിദ്ധ്യം.

പുതുമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ നേതൃ നിരയായിരിക്കും ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് വരികയെന്ന കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍റെ വാക്കുകള്‍ ശരിവെക്കുന്നതാണ് ഹൈക്കമാന്‍റ് പ്രഖ്യാപിച്ച പട്ടിക. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര സനല്‍, പത്തനംതിട്ട ബാബു ജോര്‍ജ്ജ്, കോട്ടയത്ത് ജോഷി ഫിലിപ്പ്, ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട് എം ലിജു, ഇടുക്കി ഇബ്രാഹിം കുട്ടി കല്ലാര്‍, എറണാകുളത്ത് പി ജെ വിനോദ് എന്നിവര്‍ പ്രസഡിണ്ടുമാരാകും.

തൃശൂരില്‍ മുന്‍ എംഎല്‍എ ടിഎന്‍ പ്രതാപനാണ് നറുക്ക് വീണത്. പാലക്കാട് വി കെ ശ്രീകണ്ഠന്‍, മലപ്പുറത്ത് വി വി പ്രകാശ്, കോഴിക്കോട് ടി സിദ്ധീഖ്, വയനാട്ടില്‍ മുന്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, കണ്ണൂരില്‍ സതീഷന്‍ പാച്ചേനി, കാസര്‍കോഡ് ഹക്കീം കുന്നേല്‍ എന്നീ പേരുകള്‍ക്കാണ് ഹൈക്കമാന്‍റ് അംഗീകാരം നല്‍കിയത്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ കൊല്ലം ഡിസിസിയെ നയിക്കും. പട്ടികയിലെ ഒരേയൊരു സ്ത്രീ നാമമാണ് ബിന്ദുവിന്‍റേത്. പിസി വിഷ്ണുനാഥിന്‍റെ പേര് വെട്ടിയാണ് ബിന്ദുവിന് അവസരം നല്‍കിയിരിക്കുന്നത്. ഇടുക്കിയല്‍ ഡീന്‍ കുര്യാക്കോസിന്‍റെ പേരും അവസാന ഘട്ടത്തിലാണ് ഒഴിവാക്കപ്പെട്ടത്.