LiveTV

Live

Kerala

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്
Summary
പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചാല്‍ എല്‍ഡിഎഫിന് കുറ്റിക്കോല്‍ ഭരണം നഷ്ടമാക്കും.

എല്‍ഡിഎഫ് ഭരിക്കുന്ന കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് നോട്ടീസ്. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചാല്‍ എല്‍ഡിഎഫിന് കുറ്റിക്കോല്‍ ഭരണം നഷ്ടമാക്കും. യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ ബിജെപി പ്രതിനിധിയാണ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ്.

16 അംഗങ്ങളാണ് കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഏഴ് എല്‍.ഡി.എഫ്, ഒരു കോണ്‍ഗ്രസ് വിമതന്‍ ഉള്‍പ്പെടെ ആറ് യു.ഡി.എഫ്, മൂന്ന് ബി.ജെ.പി. എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡണ്ടായ സി.പി.എമ്മിന്റെ എന്‍.ടി.ലക്ഷ്മിക്കെതിരെയാണ് യുഡിഎഫ് അംഗം ജോസ് പാറത്തട്ടേല്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. കുറ്റിക്കോല്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും അവിശുദ്ധ സംഖ്യത്തിലാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയ്ക്ക് ബി.ജെ.പി.യില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. അങ്ങിനെയാണെങ്കില്‍ കാലങ്ങളായി കുറ്റിക്കോല്‍ പഞ്ചായത്തിലുള്ള ഇടതുപക്ഷത്തിന്റെ മേധാവിത്വം നഷ്ടമാവും. ബേഡകം വിഭാഗീയത കാരണം പ്രതിസന്ധിയിലായ സിപിഎമ്മിന് ഇത് വലിയ നഷ്ടമാവും.