LiveTV

Live

Kerala

ആഞ്ഞിലി മരത്തിന് ആയുര്‍വേദ ചികില്‍സ നല്‍കി ഒരു വിദ്യാലയം

Summary
ആഞ്ഞിലി മരത്തിന് ചികില്‍സ നല്‍കാന്‍ മുന്‍കൈയെടുത്തത് അര്‍ബുദ രോഗത്തില്‍നിന്നും രക്ഷനേടിയ ഷീലകുമാരി ടീച്ചറാണ്.

150 വര്‍ഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലി മരത്തിന് ആയുര്‍വേദ ചികില്‍സ നല്‍കുകയാണ് ഒരു വിദ്യാലയം. ചീക്കല്‍ രോഗം അഥവ പിങ്ക് ഡിസീസ് ബാധിച്ച ആഞ്ഞിലി മരത്തിന് ചികില്‍സ നല്‍കാന്‍ മുന്‍കൈയെടുത്തതാകട്ടെ അര്‍ബുദ രോഗത്തില്‍നിന്ന് മുക്തി നേടിയ ഓരു അധ്യാപികയും .

ഇത് ഷീലകുമാരി ടീച്ചര്‍. കോട്ടയം ചിറക്കടവിലെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ അധ്യാപിക. എട്ടുവര്‍ഷം മുമ്പ് ക്യാന്‍സര്‍ രോഗം കുട്ടികളുടെ പ്രിയപ്പെട്ട ഷീല ടീച്ചറിനെ തളര്‍ത്തി. എന്നാല്‍ ഏറെ നാളെത്തെ ചികില്‍സയ്ക്കുശേഷം ടീച്ചര്‍ ഇന്ന് സുഖം പ്രാപിച്ചു. എല്ലാ പഠനദിവസും കാണാറുള്ള സ്കൂള്‍മുറ്റത്തെ ആ ആഞ്ഞിലി മരം, കുട്ടികള്‍ക്കു തണല്‍ നല്‍കിയ കൂറ്റന്‍ ആഞ്ഞിലി മുത്തശ്ശി. സ്കൂള്‍മുറ്റത്തെ 150ഏറെ വയസുള്ള ആഞ്ഞിലി മരത്തിനും രോഗം പിടിപെട്ടത് കുട്ടികള്‍ക്കൊപ്പം ഷീലാകുമാരി ടീച്ചറും വ്യസനത്തോടെ കണ്ടനിന്നു.

ക്യാന്‍സര്‍ രോഗത്താല്‍വലഞ്ഞ ആ കാലം ടീച്ചര്‍ ഓര്‍മ്മിച്ചു. അങ്ങനെ സ്കൂളിലെ സഹപ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹായത്തോടെ ആഞ്ഞിലി മുത്തിശ്ശിക്ക് ആയുര്‍വേദ ചികില്‍സ നല്‍കാന്‍ ടീച്ചര്‍ മുന്‍കൈയെടുത്തു.

ചികില്‍സ നല്‍കി ഒരു മാസം പിന്നിട്ടപ്പോള്‍ ആഞ്ഞിലി മുത്തശ്ശിക്ക് കൂടുതല്‍ ഉണര്‍വായി. പുതിയ മരച്ചില്ലകള്‍ തളിര്‍ത്തു. മാറ്റം കണ്ടുനിന്ന ഷീലാകുമാരി ടീച്ചറുടെയും കുട്ടികളുടെയും മനം നിറഞ്ഞു. ഇന്നും കുട്ടികള്‍ക്ക് മരത്തണലില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു ആ പാഠം.