LiveTV

Live

Kerala

സഹപാഠിക്ക് വീട് നിര്‍മ്മിക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍

Summary
ബേപ്പൂര് സ്കൂളിലെ പ്ലസ്‍ വണ്‍ വിദ്യാര്‍ഥിനി ആയ നെല്‍സിക്ക് തണലേകാന് എത്രയും പെട്ടെന്ന് വീടൊരുക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും

പാവപ്പെട്ടൊരു കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഒരു നാടാകെ കൈകോര്‍ത്തിരിക്കുകയാണ് കോഴിക്കോട് ബേപ്പൂരില്‍. ബേപ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തില് വീട് നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമുണ്ട്.

ബേപ്പൂര് സ്കൂളിലെ പ്ലസ്‍ വണ്‍ വിദ്യാര്‍ഥിനി ആയ നെല്‍സിക്ക് തണലേകാന് എത്രയും പെട്ടെന്ന് വീടൊരുക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. മലബാറിലെ പ്രശസ്ത പാമ്പു പിടുത്തക്കാരനായിരുന്ന ആര്‍.വി സജീവന്റെ മകളാണ് നെല്‍സി. പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് കഴിഞ്ഞ ഏപ്രിലിലാണ് സജീവന്‍ മരിച്ചത്. പൊളിഞ്ഞുവീഴാറായ വീട്ടിലാണ് സജീവന്റെ ഭാര്യയും രണ്ട് മക്കളും താമസിക്കുന്നത്. ഇത് കണ്ട പി.ടി.എയാണ് വീട് നിര്‍മ്മിക്കാനുള്ള തീരുമാനിക്കുന്നത്. തുടര്‍ന്ന് സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്‍മ്മിക്കാന്‍ തുടങ്ങി.

എട്ട് ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഫണ്ട് സമാഹരണത്തിനായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. കൂടാതെ ബാങ്കില് അക്കൌണ്ടും ആരംഭിച്ചു.

അങ്കണവാടി ജീവനക്കാരിയായ സജീവന്റെ ഭാര്യ ലിസിയുടെ തുച്ഛവരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വളരെ കുറഞ്ഞ കാലം കൊണ്ട് വീട് പണി പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.