LiveTV

Live

Kerala

ആശ്രിത ധനസഹായം സര്‍ക്കാര്‍ വെട്ടിക്കുറച്ചു

ആശ്രിത ധനസഹായം സര്‍ക്കാര്‍ വെട്ടിക്കുറച്ചു
Summary
സര്‍വ്വീസിലിരിക്കുമ്പോള്‍ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

സര്‍വ്വീസിലിരിക്കുമ്പോള്‍ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നേരത്തെ അടിസ്ഥാന ശമ്പളം സഹായമായി നല്‍കിയിരുന്നു. എന്നാല്‍ ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനം നല്‍കിയാല്‍ മതിയെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ വ്യവസ്ഥയിലെ പഴുത് ഉപയോഗിച്ചാണ് തീരുമാനം. മന്ത്രിസഭ തീരുമാനത്തിന്‍റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വന്നതോടെ സര്‍വ്വീസിലിരിക്കെ ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ കുടുംബത്തിന് ധനസഹായം നല്‍കേണ്ടതില്ല. എന്നാല്‍ മരിച്ച ആളുടെ അവസാന മാസത്തെ അടിസ്ഥാന ശമ്പളം ജീവനക്കാരന്‍റെ ആശ്രിതക്ക് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ആശ്രിതര്‍ക്ക് ജോലി ലഭിക്കുംവരെയാണ് സഹായം തുടരുക. എന്നാല്‍ ആഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്നതായി വിലയിരുത്തി. അടിസ്ഥാന ശമ്പളത്തിന്‍റെ 30 ശതമാനം തുക മാത്രം ആശ്രിതര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു. 2013 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ തീരുമാനം നടപ്പിലാക്കുക.

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെ പദ്ധതിയിലെ വ്യവസ്ഥകള്‍ ചൂണ്ടികാട്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആശ്രിത സഹായം വെട്ടികുറച്ചത്.