LiveTV

Live

Kerala

തൃശൂരില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ വയല്‍‌ നികത്തല്‍

തൃശൂരില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ വയല്‍‌ നികത്തല്‍
Summary
കോര്‍പ്പറേഷന്റെ കാന നിര്‍മാണമെന്ന പേര് പറഞ്ഞാണ് നാല് ഏക്കറോളം വരുന്ന വയല്‍ നികത്തി തുടങ്ങിയിരിക്കുന്നത്.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പദ്ധതിയെന്ന പേരില്‍ തൃശൂരില്‍ വയല്‍ നികത്തല്‍. കോര്‍പ്പറേഷന്റെ കാന നിര്‍മാണമെന്ന പേര് പറഞ്ഞാണ് നാല് ഏക്കറോളം വരുന്ന വയല്‍ നികത്തി തുടങ്ങിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ പദ്ധതിയെന്ന പ്രതീതിയുണ്ടാക്കാനായി മണ്ണ് കൊണ്ട് വരുന്ന വാഹനത്തിലും കോര്‍പ്പറേഷന്റെ സ്റ്റിക്കര്‍ പതിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തൃശൂര്‍ ചേറൂരിലെ മണ്ണക്കാടാണ് വയല്‍ നികത്തുന്നത്. നാല് ഏക്കര്‍ വരുന്ന വയലിന് നടുവിലൂടെ വെള്ളം ഒഴുകാനായി ഒരു കാന നിര്‍മിച്ചിട്ടുണ്ട്.

ഇത് കോര്‍പ്പറേഷന്റെതാണെന്ന് പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വയല്‍ നികത്തല്‍. കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരം ഒരു പദ്ധതിയുമില്ലെന്ന് ബോധ്യപ്പെട്ടതോടെ നാട്ടുകാര്‍ വയല്‍ നികത്തല്‍ തടഞ്ഞു. വയല്‍ നികത്തലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാന നിര്‍മാണത്തിനുള്ള സ്ഥലം കോര്‍പ്പറേഷന് വിട്ടു നല്‍കിയിട്ടുണ്ടെന്നാണ് സ്ഥലം ഉടമ നാട്ടുകാരോട് പറഞ്ഞത്. സ്ഥലമുടമയുടെ ഈ വ്യാജ പ്രചാരണമാണ് കൌണ്‍സിലറുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രദേശ വാസികളോട് പറഞ്ഞത്. എന്നാല്‍ സ്ഥലം വിട്ടു നല്‍കിയതിനോ കാന നിര്‍മാണത്തിന് പണം അനുവദിച്ചതിന്റെയോ യാതൊരു രേഖയും കോര്‍പ്പറേഷനിലില്ല.