LiveTV

Live

Kerala

ഇരവാലന്‍ സമുദായാംഗങ്ങളുടെ പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമരം 120 ദിവസം പിന്നിട്ടു

ഇരവാലന്‍ സമുദായാംഗങ്ങളുടെ പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമരം 120 ദിവസം പിന്നിട്ടു
Summary
ഇരവാലന്‍ സമുദായംഗങ്ങള്‍ മന്ത്രി എകെ ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട്ടെ ഇരവാലന്‍ സമുദായാംഗങ്ങള്‍ സമരം ശക്തമാക്കുന്നു. കൊല്ലങ്കോട് വില്ലേജ് ഓഫീസിനു മുന്നില്‍ സമരം 120 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സമുദായംഗങ്ങളും ഐക്യദാര്‍ഢ്യ സമിതിയും മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

കൊല്ലങ്കോട് എലവഞ്ചേരി പഞ്ചായത്തുകളിലെ ഇരവാലന്‍ സമുദായംഗങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 27ന് തുടങ്ങിയ കുടില്‍കെട്ടി സമരം 120 ദിവസം പിന്നിടുകയാണ്. പട്ടിക വര്‍ഗ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ സമുദായത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്നുവെന്നാണ് പരാതി. മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണയിക്കുമെന്ന മന്ത്രി എകെ ബാലന്റെ നിയമസഭയിലെ മറുപടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നുമാവാത്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

ജാതി നിര്‍ണയത്തിനായി കിര്‍ത്താഡ്സ് മൂന്ന് തവണ കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലെ 16 ഊരുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് മാത്രമേ നടപടി എടുക്കാനാവൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.