LiveTV

Live

Kerala

പിണറായിയിലെ ദുരൂഹമരണങ്ങള്‍: ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യ്തു

പിണറായിയിലെ ദുരൂഹമരണങ്ങള്‍: ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യ്തു
Summary
കണ്ണൂര്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പിണറായിയിലെ സൌമ്യയുടെ മൂത്തമകള്‍ ഐശ്വര്യയുടെ മൃതദേഹം..

കണ്ണൂര്‍ പിണറായിയില്‍ ദുരൂഹ മരണങ്ങള്‍ നടന്ന കുടുംബത്തിലെ 9 വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഐശ്വര്യ മരിച്ചത്. ചികിത്സയിലുളള സൌമ്യയുടെ മുന്‍ ഭര്‍ത്താവ് അടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞ ജനുവരി 21നാണ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ കൊച്ചുമകള്‍ ഒമ്പത് വയസുകാരി ഐശ്വര്യ ഛര്‍ദ്ദിയെ തുടര്‍ന്ന് മരിക്കുന്നത്. 2012ല്‍ ഐശ്വര്യയുടെ അനുജത്തി ഒരു വയസുളള കീര്‍ത്തനയും സമാന സാഹചര്യത്തില്‍ മരിച്ചിരുന്നു. ഐശ്വര്യക്ക് പിന്നാലെ ഒന്നര മാസത്തിന് ശേഷം കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമലയും ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു. ഇതോടെയാണ് അസ്വാഭാവിക മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. കമലയുടെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരിച്ചു.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതി തേടിയത്. ഇന്ന് ഉച്ചക്ക് ശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിളളയുടെയും ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ കെഎസ് ശ്രുതിലേഖയുടെയും നേതൃത്വത്തില്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതിനിടെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുളള സൌമ്യയില്‍ നിന്നും സൌമ്യയുടെ ആദ്യ ഭര്‍ത്താവ് അടക്കമുളളവരില്‍ നിന്നും ഇന്ന് അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തിട്ടുണ്ട്.