LiveTV

Live

Kerala

കോട്ടയത്തെ റിസോര്‍ട്ടില്‍ സൌദി ബാലന്‍ മരിച്ച സംഭവം; പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശം

കോട്ടയത്തെ റിസോര്‍ട്ടില്‍ സൌദി ബാലന്‍ മരിച്ച സംഭവം; പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശം
Summary
അന്വേഷണം സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്താതിരുന്നത് ശരിയായില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കുമരകത്തെ ആവാദ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ സൌദി ബാലന്‍ മരിച്ച സംഭവത്തില്‍ പൊലീസിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശം. അന്വേഷണം സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. കുട്ടിയുടെ പിതാവിന്റെ മൊഴിയെടുക്കാതെ റിസോര്‍ട്ട് മാനേജരുടെ മൊഴി മാത്രം എടുത്തത് ശരിയായില്ല. സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ കോട്ടയം എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

മാതാപിതാക്കള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയ അലാദിന്‍ മജീദ് കഴിഞ്ഞ ആഗസ്ത് 25 ആം തിയ്യതിയാണ് കുമരകത്തെ അവാദ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വെച്ച് മരിക്കുന്നത്. മുങ്ങിമരണമാണെന്നാണ് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞതെങ്കിലും മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചയാളും നീന്തല്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ ഷോക്കേറ്റുവെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പൊലീസ് ഇവരുടെ മൊഴികള്‍ ശേഖരിക്കാതെ കേസ് മുങ്ങിമരണമാണെന്ന് ഉറപ്പിച്ചു. ഇതോടെയാണ് ഇവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കേസില്‍ പൊലീസ് നടത്തിയ അന്വേഷണം സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ കണ്ടെത്തല്‍. പിതാവിന്റെ മൊഴിയെടുക്കാതെ റിസോര്‍ട്ട് മാനേജരുടെ മൊഴി മാത്രം എടുത്ത് കേസ് അവസാനിപ്പിച്ചത് ശരിയല്ല. മുങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെങ്കിലും മറ്റ് ആക്ഷേപങ്ങല്‍ കൂടി പൊലീസ് അന്വേഷിക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍ കുട്ടിയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും മൂന്ന് മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോട്ടയം എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കമ്മീഷന്റെ ഈ ഉത്തരവ്.