LiveTV

Live

Kerala

നാടിന് റോഡായി; ആ റോഡിലേക്കിറങ്ങാന്‍ കഴിയാതെ ഒരു കുടുംബം

നാടിന് റോഡായി; ആ റോഡിലേക്കിറങ്ങാന്‍ കഴിയാതെ ഒരു കുടുംബം
Summary
വീട്ടിലേക്ക് കയറാന്‍ വഴിയില്ലാതെ റോഡ് വികസനത്തിന്റെ ഇരകളായ ഒരു കുടുംബം

റോഡ് വികസനത്തിന്‌ വേണ്ടി മണ്ണെടുപ്പിനെ തുടർന്ന് തകർന്നു വീഴാറായ ഒറ്റമുറി വീട്ടിൽ ഭീതിയോടെ കഴിയുകയാണ് ചലനശേഷി നഷ്ടപ്പെട്ട ബാലകൃഷ്ണനും ഭാര്യ ശോഭയും. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശോഭ നിരങ്ങിയാണ് വീട്ടിലേക്ക് കയറുന്നത്.

മൂവാറ്റുപുഴയില്‍ എംസി റോ‍‍ഡിന്റെ വികസന ആവശ്യത്തിനായാണ് ബാലകൃഷ്ണന്റെ വീടിനോട് ചേര്‍ന്ന മണ്ണ് നീക്കം ചെയ്തത്. സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കുമെന്ന ഉറപ്പിലായിരുന്നു മണ്ണെടുപ്പ്. എന്നാല്‍ മണ്ണെടുപ്പും റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടും സംരക്ഷണ ഭിത്തിയുണ്ടായില്ല. ഇതോടെ ഒന്നര സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.

17 വര്‍ഷം മുമ്പ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ജീവിതം വീല്‍ചെയറിലായ ബാലകൃഷ്ണന്റെ ജീവിതം ഇതോടെ കൂടുതല്‍ ദുരിതത്തിലായി. അഞ്ച് വര്‍ഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശോഭ റോഡില്‍ നിന്ന് ഇരുപതടിയോളം ഉയരത്തിലുള്ള വീട്ടിലേക്ക് നിരങ്ങിയാണ് കയറുന്നതും ഇറങ്ങുന്നതും. നാടിന് റോഡായതോടെ അധികൃതര്‍ തങ്ങളെ മറന്നുവെന്ന് ഇവര്‍ പറയുന്നു. കെഎസ്‍ടിപി അധികൃതരുമായി നിരവധി തവണ സംസാരിച്ചിട്ടും യാതൊരു പരിഹാരവും ആയില്ല. ചികിത്സയ്ക്കു പോകാൻപോലും സാധിക്കാതെ വീട്ടിനുള്ളില്‍ കഴിയേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം