LiveTV

Live

Kerala

ചെങ്ങന്നൂര്‍ പ്രചരണ ചൂടിലേക്ക്

ചെങ്ങന്നൂര്‍ പ്രചരണ ചൂടിലേക്ക്
Summary
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം ആയില്ലെങ്കിലും മത്സര രംഗം ഇപ്പൊഴേ സജീവമാണ്. പൊതുപരിപാടികളിലും മറ്റും ഇടത് - വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ സാന്നിധ്യം അറിയിക്കുമ്പോള്‍ താഴെത്തട്ടിലുള്ള

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം ആയില്ലെങ്കിലും മത്സര രംഗം ഇപ്പൊഴേ സജീവമാണ്. പൊതുപരിപാടികളിലും മറ്റും ഇടത് - വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ സാന്നിധ്യം അറിയിക്കുമ്പോള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്‍ ഡി എ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ പതിറ്റാണ്ടുകളുടെ പൊതു പ്രവര്‍ത്തന പരിചയത്തിന് ഉടമയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍. രാഷ്ട്രീയത്തിനധീതമായ സ്വീകാര്യത വോട്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തുടങ്ങി. വഴിയില്‍ കാണുന്നവരോട് നേരില്‍ വോട്ടഭ്യര്‍ത്ഥന. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂര്‍ നിവാസിയുമായ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പാര്‍ട്ടി സംവിധാനം ഒന്നടങ്കം അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നുകഴിഞ്ഞു. രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളില്‍ തന്റെ ഇടപെടലും മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍നായരുടെ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തുകള്‍ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെയുള്ള തൊഴില്‍ മേള അടുത്തദിവസം മണ്ഡലത്തില്‍ നടക്കും. പ്രചരണത്തിനായി ബി ജെ പി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും.