LiveTV

Live

Kerala

പത്തനംതിട്ട വി കോട്ടയത്തെ അനധികൃത ക്വാറിക്കെതിരെ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട വി കോട്ടയത്തെ അനധികൃത ക്വാറിക്കെതിരെ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്
Summary
ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പാട്ടക്കരാര്‍ പുതുക്കേണ്ടെന്ന് നിര്‍ദേശം അട്ടിമറിക്കപ്പെടുന്നതായും ആക്ഷേപം

പത്തനംതിട്ട വി - കോട്ടയത്തെ അനധികൃത പാറമട പിഴയൊടുക്കാത്തതിന് പുറമെ സീനിയറേജ് അടയ്ക്കാനും വിസമ്മതിച്ചതായി കോന്നി തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഖനനാമതിയുള്ള സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും തമ്മില്‍ വേര്‍തിരിക്കാനാവാത്തവിധം കുഴികള്‍ രൂപപ്പെട്ടെന്നും ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടയുടെ പാട്ടക്കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം തഹസില്‍ദാറുടെ ശിപാര്‍ശ മറികടന്ന് പാറമടയ്ക്ക് അനുമതി പുതുക്കി നല്‍കാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബി ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.

വി കോട്ടയത്തെ തുടിയുരുളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അമ്പാടിയില്‍ ഗ്രൈനൈറ്റ്സിന്റെ പാട്ടക്കാലാവധി 2018 ജൂലൈയില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കി ലഭിക്കുന്നതിന് പാറമട ഉടമ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍ പ്രകാരമാണ് കോന്നി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാറമട ഉടമ സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ അനധികൃത ഖനനത്തിന് ഹൈക്കോടതി 4.56 കോടി രൂപ പിഴ ചുമത്തി. ഇതിനെതിരെ ക്വാറി ഉടമ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതില്‍ തീര്‍പ്പുണ്ടാക്കാതെ പാട്ടക്കരാര്‍ പുതുക്കുന്നത് നിയമപ്രശ്നമാകുമെന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പിഴ അടക്കാന്‍ വിസമ്മതിച്ചത് കൂടാതെ സീനിയറേജ് അടക്കുന്നതിന് തനിക്ക് ബാധ്യതയില്ലെന്നാണ് പാറമട ഉടമയുടെ വാദം. ഖനനാനുമതിയുള്ള സര്‍ക്കാര്‍ ഭൂമിയും സ്വകാര്യഭൂമിയും വേര്‍തിരിക്കാനാവാത്തവിധം കുഴികള്‍ രൂപപ്പെട്ടു. ആയതിനാല്‍ റീസര്‍വേ നടത്തി അതിരടയാളങ്ങള്‍ പുനര്‍ നിര്‍ണയിക്കണം. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാട്ടക്കരാര്‍ പുതുക്കിനല്‍കേണ്ടതില്ലെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തഹസില്‍ദാറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ രാഷ്ട്രീയ നേതൃത്വവും കളക്ടറേറ്റിലെ ഒരുപറ്റം ജീവനക്കാരും ശ്രമം നടത്തുന്നെന്ന ആരോപണം ശക്തമാണ്. ഇക്കാര്യത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ സമര സമിതി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.