LiveTV

Live

Kerala

ബജറ്റിലെ എഴുത്തുകാരികള്‍: സ്‍നേഹ മുതല്‍ ബാലാമണിയമ്മ വരെ

ബജറ്റിലെ എഴുത്തുകാരികള്‍: സ്‍നേഹ മുതല്‍ ബാലാമണിയമ്മ വരെ
Summary
എഴുത്തുകാരികളെയും അവരുടെ കൃതികളെയും പരാമര്‍ശിച്ചാണ് ഇത്തവണത്തെ കേരള ബജറ്റ്

ബജറ്റിലെ കഠിനപദങ്ങളുടെ വിരസത ഒഴിവാക്കാന്‍ സാഹിത്യം ആവശ്യമാണെന്ന അഭിപ്രായക്കാരനാണ് ധനമന്ത്രി തോമസ് ഐസക്. തന്റെ രണ്ടാം ബജറ്റുമുതലാണ് സാമ്പത്തിക ശാസ്ത്രവും സാഹിത്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ബജറ്റവതരണത്തിന് ഐസക് തുടക്കം കുറിച്ചത്. ഇത്തവണത്തെ 'ബജറ്റ് സാഹിത്യ'ത്തിലും കൃത്യമായ സൂക്ഷ്മത ധനമന്ത്രി കാണിച്ചിട്ടുണ്ട്. എഴുത്തുകാരികളെയും അവരുടെ കൃതികളും പരാമര്‍ശിച്ചാണ് തോമസ് ഐസക് ഇത്തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.

''സ്വന്തം വ്യക്തിത്വവും അന്തസ്സും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ഈ ബജറ്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് മലയാളത്തിലെ സാഹിത്യകാരികളുടെ വരികള്‍ ചേര്‍ത്ത് 2018-19 ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നതെന്നും തോമസ് ഐസക് എടുത്ത് പറയുന്നുണ്ട്.

ഓഖി തളര്‍ത്തിയ തീരപ്രദേശത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളെ പരാമര്‍ശിച്ചാണ് 2018 ലെ ബജറ്റ് അവതരണത്തിന് ധനമന്ത്രി തുടക്കം കുറിച്ചത്. അവിടെ, കടലും കാറ്റും തീരത്തിന് ഉയിര്‍ നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടിയിട്ടുണ്ടെന്നാണ് പരാമര്‍ശം.

ബജറ്റിലെ എഴുത്തുകാരികള്‍: സ്‍നേഹ മുതല്‍ ബാലാമണിയമ്മ വരെ

ഏതു കെടുതികളുടെയും ദുരന്തം ബാധിക്കുന്നത് സ്ത്രീകളെയാണെന്ന് സമര്‍ത്ഥിക്കാന്‍ കൂട്ടുപിടിക്കുന്നത് സാറാ തോമസിന്റെ വലക്കാര്‍ എന്ന നോവലിനെ. ''അച്ചനറിയാമ്മേല ഞങ്ങടെ പെണ്ണുങ്ങടെ കാര്യം. ഞങ്ങള്‍ മീന്‍ പിടിച്ചു കരയിലെത്തിക്കുകയോ ഉള്ളൂ. വിറ്റു കിട്ടുന്ന കാശുകൊണ്ട് വീടു നടത്തേണ്ട ഭാരം ആ പാവത്തുങ്ങള്‍ക്കാ'' എന്ന നോവലിലെ സംഭാഷണമാണ് ഇവിടെ എടുത്ത് ചേര്‍ത്തിരിക്കുന്നത്.

എല്ലാവര്‍ക്കും നല്ല ഭക്ഷണം ഉറപ്പുവരുത്തും എന്നു പറയുന്നിടത്ത് പി വത്സലയുടെ നെല്ലിനെയാണ് പരാമര്‍ശിച്ചിട്ടുള്ളത്. ആരാരും തുണയില്ലാത്തവരെ കുറിച്ച് പറയുന്നിടത്ത് ലളിതാംബിക അന്തര്‍ജനത്തിന്റെ സാവിത്രി അഥവ വിധവാ വിവാഹം കടന്നുവരുന്നു. നൂറുശതമാനം പാര്‍പ്പിടമെന്ന അതിമോഹം സ്വപ്നം കാണുന്ന സാറാ ജോസഫിന്റെ മാറ്റാത്തിയിലെ അച്ഛനെ സൂചിപ്പിച്ചാണ് എല്ലാവര്‍ക്കും വീട് എന്ന പദ്ധതി പരിചയപ്പെടുത്തുന്നത്. ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെത്തേണ്ടിവരുന്ന പാവപ്പെട്ട കുടുംബങ്ങളുടെ മാനസികാസ്ഥ വ്യക്തമാക്കാനായി ബി എം സുഹറയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു, കപ്പലിനെകുറിച്ചൊരു വിചിത്ര ജീവിതം എന്ന നോവലില്‍ ഇന്ദുമേനോന്‍ വരച്ചിടുന്ന ഗ്രാമീണ സ്കൂളിന്റെ ചിത്രം പങ്കുവെക്കുന്ന സ്കൂളുകളുടെ പുരോഗതി സൂചിപ്പിക്കുന്നിടത്ത് തോമസ് ഐസക്.

കവിതയും കഥയും നിറഞ്ഞ ഇത്തവണത്തെ ബജറ്റ് പ്രസംഗത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി എന്‍.പി സ്‌നേഹയുടെ കവിതയും ഇടം പിടിച്ചു. സ്കൂള്‍ കലോത്സവത്തില്‍ കവിതാമത്സരത്തില്‍ പങ്കെടുത്ത് സ്നേഹ എഴുകിയ കവിതയിലെ വരികളാണ് ധനമന്ത്രി ബജറ്റില്‍ സ്ത്രീകളുടെ അധ്വാനത്തെ അംഗീകരിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്. 2015 ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്‌നേഹ എഴുതിയ 'ലാബ്' എന്ന കവിതയിലെ കരുത്തുറ്റ വരികളാണ് ഐസക്ക് എടുത്തു പറഞ്ഞത്. പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ.

പെന്‍ഷനെ കുറിച്ച് പറയുമ്പോള്‍ ഇരുള്‍ വിളയുന്ന രാത്രിയില്‍ 'ദുസ്വപ്നങ്ങള്‍ കീറാത്ത പുതപ്പാരു തരുമെന്ന്'' സാവിത്രി രാജീവന്‍ ചോദിക്കുന്നുവെന്നും ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങള്‍ എന്ന നോവലില്‍ കേരളത്തിലെ സ്പെഷ്യല്‍ സ്കൂളിനെ കുറിച്ച് പറയുന്നുണ്ടെന്നും സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുന്നിടത്ത് വിജയലക്ഷ്മിയുടെ പച്ചയെന്ന കവിത എടുത്ത് ചേര്‍ത്തുമാണ് 2018 ലെ ബജറ്റ് അവതരണം മുന്നോട്ട് പോകുന്നത്. കുടുംബശ്രീയെ പരാമര്‍ശിക്കുന്നിടത്ത് സ്ത്രീകള്‍ രചിച്ച് സ്ത്രീകള്‍ അവതരിപ്പിച്ച തൊഴില്‍കേന്ദ്രത്തിലേക്ക് എന്ന നാടകവും കെ ആര്‍ മീരയുടെ ആരാച്ചാരും കടന്നുവരുന്നുണ്ട്. പട്ടിക ജാതിക്കാരുടെ ഉന്നമനത്തെകുറിച്ച് പറയുമ്പോള്‍ ബിലി സി നാരായണന്‍റെ പുലപ്പങ്ക് എന്ന കവിത, ഡോണ മയൂരയുടെ വരികള്‍, കൃഷി യെകുറിച്ച് പറയുന്നിടത്ത് ധന്യ എം ഡിയുടെ വരികള്‍. ടൂറിസത്തെ കുറിച്ച് പറയുന്നിടത്ത് കെ എ ബീനയുടെ യാത്രാ കുറിപ്പുകള്‍, കൂടെ സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ ഉദ്ധരണികള്‍, വിദ്യാഭ്യാസത്തെ കുറിച്ച് പറയുമ്പോള്‍, ''നിന്റമ്മയെ ഞാന്‍ കുറേ പഠിപ്പിച്ചു. എന്നിട്ടെന്തുണ്ടായി? പെന്‍സിലു പിടിക്കാന്‍ കൂടി ഓള് മറന്നിട്ടുണ്ടാകും'' എന്ന രാജലക്ഷ്മി വരികള്‍, പ്രവാസത്തെ കുറിച്ച് പറയുന്നിടത്ത് ഖദീജ മുംതാസിന്റെ ബര്‍സ അങ്ങനെ എഴുത്തുകാരികള്‍ക്കും അവരുടെ എഴുത്തിനുമുള്ള അംഗീകാരം കൂടിയാകുകയാണ് 2018 ബജറ്റ്.

കൂടാതെ സമഗ്ര ആരോഗ്യ സുരക്ഷ പ്രതിപാദിക്കുന്നിടത്തും സ്ത്രീയെ ഓര്‍മ്മിപ്പിക്കുന്നു ഐസക്. ഡോ മേരി പുന്നന്‍ ലൂക്കോസ്. ബ്രിട്ടണില്‍ മെഡിക്കല്‍ ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ ഡോ മേരി പുന്നന്‍ ലൂക്കോസ്. വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ സിനിമ സര്‍ക്കാര്‍ ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു എന്നും ആ വെല്ലുവിളി ഏറ്റെടുത്ത് മാന്‍ഹോള്‍ ശുചീകരണത്തിന് പദ്ധതിയുമായ കോഴിക്കോട് നിന്ന് ഒരു എംടെക് വിദ്യാര്‍ത്ഥി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഐസക് സൂചിപ്പിച്ചു.

ബാലാമണിയമ്മയുടെ നവകേരളം എന്ന കവിതയിലെ
''വന്നുദിക്കുന്നു ഭാവനയിങ്ക
ലിന്നൊരു നവലോകം
വിസ്ഫുരിക്കുന്നു ഭാവനയിലാ
വിജ്ഞമാനിതം കേരളം'' എന്നു പാടിയാണ് തോമസ് ഐസക് തന്റെ ബജറ്റ് അവതരണം അവസാനിപ്പിക്കുന്നതും.