LiveTV

Live

Kerala

സിപിഐ കൊല്ലം ജില്ലാ സമ്മേളനം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച സംഘടന റിപ്പോര്‍ട്ട് തിരികെ വാങ്ങി

സിപിഐ കൊല്ലം ജില്ലാ സമ്മേളനം; മുഖ്യമന്ത്രിയെ വിമര്‍ശിച്ച സംഘടന റിപ്പോര്‍ട്ട് തിരികെ വാങ്ങി
Summary
റിപ്പോര്‍ട്ട് പ്രതിനിധികളിൽ നിന്നും ഒപ്പിട്ട് വാങ്ങിയതിന്റെ പേരിൽ പ്രസീഡിയത്തിനെതിരെ വിമർശനവും ഉയർന്നു..

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സി പി ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് പ്രസിഡിയം തിരികെ വാങ്ങി.. അവതരിപ്പിച്ചതിന് തൊട്ട് പിന്നാലെ റിപ്പോർട്ട് ചോർന്നതോടെയാണ് പ്രസീഡിയം റിപ്പോർട്ട് തിരികെ വാങ്ങിയത്. റിപ്പോര്‍ട്ട് പ്രതിനിധികളിൽ നിന്നും ഒപ്പിട്ട് വാങ്ങിയതിന്റെ പേരിൽ പ്രസീഡിയത്തിനെതിരെ വിമർശനവും ഉയർന്നു.. പ്രസിഡിയത്തെ നയിച്ച ആ ർ രാമചന്ദ്രൻ എം എൽ എ ക്ക് എതിരെ ആയിരുന്നു വിമർശനം. പ്രതിനിധികളെ വിശ്വാസമില്ലെങ്കിൽ എന്തിന് സംഘടനാ റിപ്പോർട്ട് കൈമാറി എന്നായിരുന്നു പ്രധാന വിമർശനം.

മുഖ്യമന്ത്രി സ്വേച്ഛാധിപതിയെന്ന് സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. മൂന്നാര്‍ കൈയ്യേറ്റത്തിലെ മുഖ്യ‌മന്ത്രിയുടെ ഇടപെടലുകള്‍ ഇതിന്‍റെ തെളിവാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ രഹസ്യ അജണ്ട മുഖ്യമന്ത്രി വച്ച് പുലര്‍ത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു.

സംഘടനാ റിപ്പോര്‍ട്ടിന്‍റെ ഇരുപത്തിയാറാം പേജ് മുഖ്യമന്ത്രിയെ മൂന്നാര്‍ മുതല്‍ തോമസ് ചാണ്ടി വരെയുള്ള വിഷയങ്ങളില്‍ അക്കമിട്ട് വിമര്‍ശിക്കുകയാണ്.മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ കലക്ടറെ റവന്യൂ മന്ത്രിയോട് ആലോചിക്കാതെ മുഖ്യമന്ത്രി മാറ്റി.

പാപ്പാത്തി ചോലയിലെ കുരിശ് നീക്കിയപ്പോള്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. തോമസ് ചാണ്ടിക്കെതിരായ നടപടി പരമാവധി വൈകിപ്പിച്ചു. രക്ഷിക്കാന്‍ രഹസ്യ അജണ്ട വച്ച് പുലര്‍ത്തി. എല്ലാം സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു. ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത അധികാര പ്രമത്തത മുഖ്യമന്ത്രിക്കുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പ് മന്ത്രി മാര്‍ക്ക് മുകളിലൂടെ വകുപ്പുകള്‍ മുഖ്യമന്ത്രി കൈകടത്തുന്നത് മുന്നണി സംവിധാനത്തിന് ഭൂഷണമല്ലെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. ഈ വിഷയങ്ങളിലെല്ലാം സി.പി.ഐ സ്വീകരിച്ച നിലപാട് പൊതുസമൂഹം അംഗീകരിച്ചെന്നും റിപ്പോര്‍ട്ട് പറഞ്ഞു വയ്ക്കുന്നു.