LiveTV

Live

Kerala

കുഞ്ഞിനെ വിറ്റ സംഭവം: മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

കുഞ്ഞിനെ വിറ്റ സംഭവം: മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു
Summary
കഴിഞ്ഞ ഡിസംബര്‍ 25ന് ജനിച്ച പെണ്‍കുഞ്ഞിനെ മൂന്ന് ദിവസത്തിനുള്ളിലാണ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയത്.

പാലക്കാട് കുനിശ്ശേരിയിൽ കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കുഞ്ഞിന്‍റെ അച്ഛന്‍ പൊള്ളാച്ചി സ്വദേശി രാജ്, അമ്മ കുനിശ്ശേരി സ്വദേശി ബിന്ദു, രാജന്‍റെ അമ്മ വിജി, ഇടനിലക്കാരി സുമതി, കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനന്‍ എന്നിവരെയാണ് ആലത്തൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുഞ്ഞിന്‍റെ വില്‍പ്പനയ്ക്ക് ഇടനിലക്കാരിയായ സുമതിയെ രാജന്‍റെ അമ്മ വിജിക്ക് പരിചയപ്പെടുത്തിയ കസ്തൂരിയെ കണ്ടെത്താനായതായിരുന്നു കേസിലെ വഴിത്തിരിവ്. ഇവര്‍ വഴി സുമതിയിലേക്കും ജനാര്‍ദ്ദനനിലേക്കും എത്താന്‍ അന്വേഷണ സംഘത്തിനായി. ഈറോഡില്‍ ജനാര്‍ദ്ദനന്‍ താമസിച്ച വീട്ടില്‍ നിന്ന് തന്നെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 25ന് ജനിച്ച പെണ്‍കുഞ്ഞിനെ മൂന്ന് ദിവസത്തിനുള്ളിലാണ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയത്. എന്നാല്‍ തുക സംബന്ധിച്ച കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറയുന്നു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ആണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

കുഞ്ഞിനെ വാങ്ങിയവര്‍ക്ക് ഏതെങ്കിലും റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.രാജന്‍ ബിന്ദു ദമ്പതികളുടെ മറ്റ് നാല് കുഞ്ഞുങ്ങളില്‍ മൂന്ന് പേരെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നാലാമത്തെ കുഞ്ഞ് ബിന്ദുവിന്‍റെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണുള്ളത്. ഈറോഡില്‍ നിന്നും തിരികെ കൊണ്ടുവന്ന പെണ്‍കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദഭവനിലാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.