LiveTV

Live

Kerala

എ ടി എം തട്ടിപ്പ് വീണ്ടും; ഇരയായത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി

എ ടി എം തട്ടിപ്പ് വീണ്ടും; ഇരയായത് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി
Summary
11,799 രൂപ നഷ്ടപ്പെട്ടു

എ ടി എം കാര്‍ഡിന്റെ വിവരങ്ങള്‍ ഫോണിലൂടെ ചോദിച്ച് മനസ്സിലാക്കിയുള്ള പണം തട്ടിപ്പ് വീണ്ടും. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയുടെ അക്കൌണ്ടില്‍ നിന്ന് പതിനൊന്നായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റൊമ്പതു രൂപയാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കാനെന്ന് പറഞ്ഞാണ് അക്കൌണ്ടിന്റെയും എ ടി എം കാര്‍ഡിന്റെയും വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയത്.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫൈസല്‍ ഫെഡറല്‍ ബാങ്കിന്റെ മണ്ണഞ്ചേരി ശാഖയില്‍ ഭാര്യ റസീനയുടെ പേരിലുള്ള അക്കൌണ്ടില്‍ 11000 രൂപ നിക്ഷേപിച്ച് തിരികെ വീട്ടിലെത്തിയപ്പോഴാണ് ആധാര്‍ കാര്‍ഡ് അക്കൌണ്ടുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ വന്നത്. ആധാര്‍ നമ്പറും പിന്നീട് എ ടി എം കാര്‍ഡിന്റെ നമ്പറും ചോദിച്ചു. മെസേജ് ആയി വന്ന ഒ ടി പി നമ്പറും ആവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോഴാണ് പണം നഷ്ടപ്പെട്ടത്.

അല്പസമയത്തിനകം തന്നെ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്ന് വിളിച്ച് എന്തോ കൃത്രിമം നടന്നിട്ടുള്ളതായി സംശയിക്കുന്നുവെന്നും കാര്‍ഡ് ബ്ലോക്ക് ചെയ്യുകയാണെന്നും അറിയിച്ചു. സംഭവത്തെ കുറിച്ച് ഫൈസല്‍ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.