LiveTV

Live

Kerala

കുറ്റിപ്പുറം പാലത്തിന് സമീപം കുഴിബോംബും വെടിക്കോപ്പുകളും; ഇന്നും തെരച്ചില്‍ നടത്തി

കുറ്റിപ്പുറം പാലത്തിന് സമീപം കുഴിബോംബും വെടിക്കോപ്പുകളും; ഇന്നും തെരച്ചില്‍ നടത്തി
Summary
ബോംബ് സ്ക്വാഡിന്റെ അഞ്ച് യൂണിറ്റുകളാണ് തെരച്ചില്‍ നടത്തിയത്. സൈനിക വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഷീല്‍ഡുകള്‍ ഇന്നും കണ്ടെടുത്തു.

സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെടിക്കോപ്പുകളും കുഴിബോംബുകളും കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനു താഴെ ഇന്നും തെരച്ചില്‍ നടത്തി. ബോംബ് സ്ക്വാഡിന്റെ അഞ്ച് യൂണിറ്റുകളാണ് തെരച്ചില്‍ നടത്തിയത്. സൈനിക വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഷീല്‍ഡുകള്‍ ഇന്നും കണ്ടെടുത്തു.

വ്യാഴാഴ്ച അഞ്ച് കുഴി ബോംബുകള്‍ കണ്ടെത്തിയതിനു പിറകെ ഇന്നലെ അഞ്ഞൂറോളം വെടിയുണ്ടകളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസ് തെരച്ചിലിന് ഇറങ്ങിയത്. പുഴയുടെ ഒരു ഭാഗത്ത് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചും ജെസിബി ഉപയോഗിച്ച് മണല്‍ മാറ്റിയും തെരച്ചില്‍ നടത്തി. ഡീപ് സേര്‍ച്ചിങ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് അഞ്ച് ബോംബ് സ്ക്വാഡ് യൂണിറ്റും സജീവമായി രംഗത്തുണ്ടായിരുന്നു.

വാഹനങ്ങള്‍ ചതുപ്പില്‍ താഴാതാരിക്കാന്‍ ഉപയോഗിക്കുന്ന ഏതാനും ഷീല്‍ഡുകള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇന്റലിജന്‍സ് ഡിഐജി സ്പര്‍ജന്‍കുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‍പി ശശിധരന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സൈനിക ഫാക്ടറിയില്‍ നിന്നുള്ള ആയുധങ്ങളാണ് കുറ്റിപ്പുറത്ത് കണ്ടെത്തിയവയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കേരള പൊലീസിന്റെ സംഘം ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്. ഇക്കാര്യത്തില്‍ സൈന്യത്തില്‍ നിന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനായി പൊലീസ് കാത്തിരിക്കുകയാണ്. ഐബി, മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റിപ്പുറത്ത് ക്യാംപ് ചെയ്യുന്നുണ്ട്.