LiveTV

Live

Kerala

പുതുവര്‍ഷ ആഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

പുതുവര്‍ഷ ആഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍
Summary
ആഘോഷം നടക്കുന്ന കെട്ടിടങ്ങളില്‍ പാലിക്കേണ്ട സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ചീഫ്സെക്രട്ടറി പുറത്തിറക്കി

പുതുവര്‍ഷ ആഘോഷത്തിനിടെ അക്രമങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാരും പൊലീസും എക്സൈസും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷം നടക്കുന്ന കെട്ടിടങ്ങളില്‍ പാലിക്കേണ്ട സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ചീഫ്സെക്രട്ടറി പുറത്തിറക്കി. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ വാഹന പരിശോധന നടത്തുമെന്ന് പൊലീസും അറിയിച്ചു.

കഴിഞ്ഞ ദിവസം മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ ആഘോഷങ്ങള്‍ക്കിടെ അഗ്നിബാധയുണ്ടായ പശ്ചാത്തലത്തിലാണ് ചീഫ്സെക്രട്ടറി സ‌ര്‍ക്കുലര്‍ പുറത്തിറക്കിയത്. ആഘോഷ സ്ഥലങ്ങളിലേയും കെട്ടിടങ്ങളിലെയും ഇലക്ട്രിക്കല്‍ വയറിംഗും ഉപകരണങ്ങളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഗ്നിസുരക്ഷാ സംബന്ധമായ എല്ലാ ഉപകരണങ്ങളും പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കെട്ടിടത്തിന് മുകളിലും മൈതാനത്തിലുമുള്ള ഫയര്‍ വാട്ടര്‍ ടാങ്കുകള്‍ നിറച്ചിരിക്കണം, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധന ഉത്തരവ് പാലിക്കണം, ആഘോഷങ്ങള്‍ക്കായി ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന ബോട്ടുകളില്‍ ആളുകളുടെ എണ്ണത്തിനനുസൃതമായി ലൈഫ് ജാക്കറ്റുകള്‍ കരുതണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ചീഫ് സെക്രട്ടറി സര്‍ക്കുലറിലൂടെ നല്‍കുന്നത്. വാഹന പരിശോധനക്ക് ഒപ്പം ഹോട്ടലുകളിലും പരിശോധന നടത്തുമെന്ന് എക്സൈസും അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നല്‍കിയിട്ടുണ്ട്. സമാധാന ഭംഗമുണ്ടാക്കുന്ന നടപടികളില്‍ നിന്ന് പൊതുജനങ്ങളും സംഘാടകരും ഒഴിഞ്ഞ നില്‍ക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നും ഡിജിപി ലോക്നാഥ് ബഹ്റ അഭ്യര്‍ത്ഥിച്ചു.