LiveTV

Live

Kerala

ഏലൂര്‍ നിവാസികളുടെ സൗജന്യ കുടിവെള്ളം പദ്ധതി അട്ടിമറിക്കുന്നു

Summary
വ്യവസായമലിനീകരണം കൊണ്ട് കുടിവെള്ളം മുട്ടിയ ഏലൂരിലെ 2594 കുടുംബങ്ങള്‍ക്കാണ് സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശപ്രകാരം സൗജന്യകുടിവെള്ളം നല്‍കിയിരുന്നത്.

കൊച്ചി ഏലൂര്‍ നിവാസികള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കേണ്ട പദ്ധതി അട്ടിമറിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രത്യക്ഷ സമരത്തിലേക്ക്. രാവിലെ പത്ത് മണിക്ക് മലിനീകരണനിയന്ത്രണബോര്‍ഡ് ഓഫീസിലേക്ക് പ്രദേശവാസികള്‍ കുടിവെള്ളമാര്‍ച്ച് നടത്തും. ബില്ല് അടച്ചില്ലെന്ന് ആരോപിച്ച് പലവീടുകളിലെയും വാട്ടര്‍ കണക്ഷന്‍ വാട്ടര്‍ അതോറിറ്റി റദ്ദ് ചെയ്തിരുന്നു.

വ്യവസായമലിനീകരണം കൊണ്ട് കുടിവെള്ളം മുട്ടിയ ഏലൂരിലെ 2594 കുടുംബങ്ങള്‍ക്കാണ് സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശപ്രകാരം സൗജന്യകുടിവെള്ളം നല്‍കിയിരുന്നത്. എന്നാല്‍ പല വീടുകളിലും വാട്ടര്‍ അതോറിറ്റി ലക്ഷക്കണക്കിന് രൂപയുടെ ബില്‍ നല്‍കുകയും തുക അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ റദ്ദ് ചെയ്യുകയും ചെയ്തു.

പ്രദേശവാസികള്‍ക്ക് നല്‍കുന്ന കുടിവെള്ളത്തിന്റെ തുക പ്രദേശത്തെ മലിനമാക്കിയ ഐആര്‍ഇ, മെര്‍ക്കം, എച്ച്‌ഐഎല്‍, ഐഫ്എസിറ്റി എന്നീ കമ്പനികളാണ് വാട്ടര്‍അതോറിറ്റിക്ക് നല്‍കേണ്ടത്. ഇത് കമ്പനികളില്‍ നിന്ന് ഈടാാക്കി നല്‍കേണ്ട ചുമതലമലിനീകരണനിയന്ത്രണ ബോര്‍ഡിനാണ്. ബോര്‍ഡ് ഇത് കൃത്യമായി നടപ്പിലാക്കാതായതോടെയാണ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ റദ്ദ് ചെയ്ത് തുടങ്ങിയത്. 500 ലിറ്റര്‍ വരെ കുടിവെള്ളമാണ് ഓരോ വീട്ടിലേക്കും പ്രതിദിനം നല്‍കേണ്ടത്. ഇത് പോലും കൃത്യമായി പാലിക്കാതെയാണ് ലക്ഷക്കണക്കിന് രൂപ വാട്ടര്‍അതോറിറ്റി ബില്‍ നല്‍കിയിരിക്കുന്നത്.

വീടുകളിലെല്ലാം വാട്ടര്‍ കണക്ഷനായെന്ന വാദം നിരത്തി മേഖലയിലെ പൊതുപൈപ്പുകളും വാട്ടര്‍ അതോറിറ്റി റദ്ദ് ചെയ്തിരുന്നു. മലിനീകരണനിയന്ത്രണബോര്‍ഡും വാട്ടര്‍ അതോറിറ്റിയും കമ്പനികളുമായി ഒത്ത് കളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.