LiveTV

Live

Kerala

കെഎംസിടിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ദുരൂഹത തുടരുന്നു

കെഎംസിടിയിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ദുരൂഹത തുടരുന്നു
Summary
ജൂനിയര്‍ വിദ്യാര്‍ഥികളുമായി ഉണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം

കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ ഊഷ്മൾ ഉല്ലാസിനെ ഇന്നലെ വൈകീട്ടാണ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടിയ നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യ ചെയ്ത ഊഷ്മൾ ഉല്ലാസിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഫേസ്ബുക്കില്‍ അവസാനമായി കുറിച്ച പോസ്റ്റുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. സ്വന്തം ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് കോളജിലെ കെഎംസിടി കണ്‍ഫെഷന്‍ എന്ന മറ്റൊരു പേജില്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നായിരുന്നു അവസാന പോസ്റ്റ്. പോസ്റ്റിടാനുള്ള കാരണങ്ങളും അതുമായി ബന്ധപ്പെട്ട വ്യക്തികളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കോളജ് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ആത്മഹത്യയുടെ കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും ആത്മഹത്യയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

കെ.എം.സി.ടി ക്യാംപസിലെ ദന്തല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വിദ്യാര്‍ഥിനിയെ താഴേക്ക് ചാടിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി.