LiveTV

Live

Kerala

അംഗപരിമിതര്‍ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്: കോഴിക്കോട് ജില്ലയില്‍ വിതരണം വൈകുന്നതായി പരാതി

അംഗപരിമിതര്‍ക്കായുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്: കോഴിക്കോട് ജില്ലയില്‍ വിതരണം വൈകുന്നതായി പരാതി
Summary
ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും..

അംഗപരിമിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണം കോഴിക്കോട് ജില്ലയില്‍ വൈകുന്നതായി പരാതി. ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് ആരോപണം.

അംഗവൈകല്യം സംഭവിച്ചവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നല്‍കി വന്നിരുന്ന മെഡിക്കല്‍ ബോര്‍ഡ് സെര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കോഴിക്കോട്ടെ കേന്ദ്രസര്‍ക്കാരിന്റെ കോംപോസിറ്റ് റീജ്യണല്‍ സെന്റര്‍ ഫോര്‍ പേര്‍സണ്‍സ് വിത്ത് ഡിസേബിലിറ്റീസ് വിതരണം ഏറ്റെടുത്തു. കോഴിക്കോട് ജില്ലയില്‍ അപേക്ഷിച്ച 2000 പേരില്‍ അറുന്നൂറ് പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ആര്‍ക്കും കിട്ടിയില്ലെന്നാണ് ആരോപണം.

പതിനായിരത്തി എഴുപത്തി രണ്ട് അപേക്ഷകളാണ് ഇതുവരെ സിആര്‍സിക്ക് ലഭിച്ചത്. എന്നാല്‍ അപേക്ഷകള്‍ കൂടിയതാണ് വൈകാന്‍ കാരണം. അപേക്ഷകളുടെ സൂക്ഷ്മപരിശോധന തുടരുകയാണെന്നും രണ്ടാം ഘട്ടത്തില്‍ പ്രശ്നം പരിഹരിക്കുമെന്നും സിആര്‍സി ഡയറക്ടര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ കൈയ്യെത്തും ദൂരത്ത് പദ്ധതിയുടെ ഭാഗമായുള്ള അദാലത്ത് ജില്ലയിൽ പുരോഗമിക്കുകയാണ്.