LiveTV

Live

Kerala

അട്ടപ്പാടി കാറ്റാടി ഭൂമിയില്‍ വ്യാജ ആധാരങ്ങളുണ്ടാക്കി കോടികള്‍ വായ്പയെടുത്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നു

അട്ടപ്പാടി കാറ്റാടി ഭൂമിയില്‍ വ്യാജ ആധാരങ്ങളുണ്ടാക്കി കോടികള്‍ വായ്പയെടുത്ത സംഭവത്തില്‍ അന്വേഷണം ഇഴയുന്നു
Summary
അഞ്ചുമാസമായിട്ടും പൊലീസ് അന്വേഷണവും എങ്ങുമെത്തിയില്ല

സംസ്ഥാന സഹകരണ ബാങ്കിന്റെ പാലക്കാട് ശാഖയില്‍ അട്ടപ്പാടിയിലെ ഇല്ലാത്ത ഭൂമിയുടെ ആധാരം പണയം വെച്ച് അറുപത് കോടിയോളം തട്ടിയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സഹകരണ വകുപ്പുദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി. ബാങ്കിന്റെ പരാതിയില്‍ ആരംഭിച്ച പൊലീസ് അന്വേഷണവും വഴിമുട്ടി.

അട്ടപ്പാടിയിലെ കാറ്റാടി കുംഭകോണം നടന്ന കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1275ല്‍പെട്ട ഭൂമിയില്‍ മൂന്നിരട്ടിയിലേറെ ഭൂമിയുടെ ആധാരം നടന്നതായി നേരത്തെ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ആധാരങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പാലക്കാട് ശാഖയില്‍ പണയം വെച്ച് അറുപത് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന് സഹകരണ വകുപ്പിന്റെ ആര്‍ബിട്രേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ രേഖകള്‍ കൂടി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആര്‍ബിട്രേഷന്‍ ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍, ജോയിന്റ് രജിസ്ട്രാര്‍ സുകുമാരനെ ചുമതലയില്‍ നിന്ന് നീക്കുകയാണ് സഹകരണ വകുപ്പ് ചെയ്തത്. റവന്യൂ വകുപ്പിനോട് ഇനിയും രേഖകള്‍ ആവശ്യപ്പെട്ടിട്ടുമില്ല. വായ്പ തിരിച്ചടക്കാത്ത ഒരു വ്യക്തിക്കെതിരെ ബാങ്ക് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണവും വഴിമുട്ടി.

ഇരുപത് വ്യാജ ആധാരങ്ങള്‍ പണയം വെച്ച് അറുപത് കോടിയോളം വായ്പയെടുത്തുവെന്നായിരുന്നു സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച ഭൂമി ഇനിയും ആദിവാസികള്‍ക്ക് തിരികെ ലഭിച്ചിട്ടില്ല. ഇതിന് പുറമെയാണ് ഇതേ ഭൂമിക്ക് വ്യാജ ആധാരങ്ങള്‍ ചമച്ച് കോടികള്‍ തട്ടിയ സംഭവം സര്‍ക്കാര്‍ തന്നെ ഒതുക്കി തീര്‍ക്കുന്നത്.