LiveTV

Live

Kerala

ബിജെപി ജനരക്ഷാ യാത്ര; ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു

ബിജെപി ജനരക്ഷാ യാത്ര; ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു
Summary
യാത്ര ചേര്‍ത്തല വഴി വന്നിട്ടും ചേര്‍ത്തല പട്ടണക്കാട്ട് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് മുന്‍ പ്രവര്‍ത്തകന്‍ അനന്തുവിന്റെ വീട് സന്ദര്‍ശിക്കാന്‍ കുമ്മനവും സംഘവും തയ്യാറായില്ല.

ജനരക്ഷാ യാത്രയ്ക്കിടെ ഉയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു. ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ പ്രവര്‍ത്തകന്‍ അനന്തുവിന്‍റെ വസതി കുമ്മനം രാജശേഖരനും സംംഘവും സന്ദര്‍ശിച്ചിരുന്നില്ല. ഇതടക്കമുള്ള വിഷയങ്ങളില്‍ ചോദ്യങ്ങളുയരുമെന്നതിനാലാണ് വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്നാണ് സൂചന.

ആലപ്പുഴ ജില്ലയില്‍ കൊലചെയ്യപ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ പലതിലും കുമ്മനം രാജശേഖരനും മറ്റ് ബിജെപി നേതാക്കളും ജനരക്ഷാ യാത്രയുടെ ഭാഗമായി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ യാത്ര ചേര്‍ത്തല വഴി വന്നിട്ടും ചേര്‍ത്തല പട്ടണക്കാട്ട് കൊലചെയ്യപ്പെട്ട ആര്‍എസ്എസ് മുന്‍ പ്രവര്‍ത്തകന്‍ അനന്തുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ കുമ്മനവും സംഘവും തയ്യാറായില്ല.

ശാഖയില്‍ പോകുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് ആര്‍എസ്എസ് തന്നെയാണ് അനന്തുവിനെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരടക്കം 16 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ എല്ലാ ജില്ലകളിലും നടത്തിയിരുന്ന വാര്‍ത്താ സമ്മേളനം ആലപ്പുഴയില്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.

രാവിലെ നടത്തേണ്ട വാര്‍ത്താ സമ്മേളനത്തിന്‍റെ സമയമന്വേഷിച്ച് ബിജെപി മാധ്യമ വിഭാഗവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം വാര്‍ത്താ സമ്മേളനമില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്. കാരണം ബിജെപി നേതൃത്വം വ്യക്തമാക്കിയില്ല. അമിത് ഷായുടെ മകനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, മെഡിക്കല്‍ കോളേജ് കോഴ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകര്‍ മറ്റു ജില്ലകളില്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും കുമ്മനം രാജശേഖരന്‍ മറുപടി നല്‍കിയിരുന്നില്ല. ഇതും ആലപ്പുഴയിലെ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കാനുള്ള കാരണമാണെന്ന് സൂചനയുണ്ട്.