LiveTV

Live

Kerala

ബി.ജെ.പി നേതാക്കൾക്കെതിരായ മെഡിക്കൽ കോളേജ് കോഴ ആരോപണം; അന്വേഷണം വഴിമുട്ടി

ബി.ജെ.പി നേതാക്കൾക്കെതിരായ മെഡിക്കൽ കോളേജ് കോഴ ആരോപണം; അന്വേഷണം വഴിമുട്ടി
Summary
അന്വേഷണം ഒന്നരമാസം പിന്നിട്ടെങ്കിലും കോഴ ഇടപാട് സ്ഥിരീകരിക്കുന്ന മൊഴിയോ തെളിവുകളോ വിജിലൻസിന് ഇതുവരെ ലഭിച്ചിട്ടില്ല

ബി.ജെ.പി നേതാക്കൾക്കെതിരായ മെഡിക്കൽ കോളേജ് കോഴ അഴിമതി ആരോപണ കേസിന്റെ അന്വേഷണം വഴിമുട്ടി. പരാതിക്കാരനും നേതാക്കളും മലക്കം മറിഞ്ഞതോടെയാണ് കേസ് അന്വേഷണം പാതി വഴിയില്‍ നില്‍ക്കുന്നത്.ബിജെപി നേതാക്കളുടേയും ഇടനിലക്കാരൻ സതീഷിന്റേയും മൊഴികളിലെ വൈരുദ്ധ്യം വിജിലൻസ് പരിശോധിക്കുകയാണ്. ഒരു മാസത്തിനകം റിപ്പോർട്ട് വിജിലന്‍സ് ഡയറക്ടർക്ക് കൈമാറും.

ജൂലൈ 20നാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അന്വേഷണം ഒന്നരമാസം പിന്നിട്ടെങ്കിലും കോഴ ഇടപാട് സ്ഥിരീകരിക്കുന്ന മൊഴിയോ തെളിവുകളോ വിജിലൻസിന് ഇതുവരെ ലഭിച്ചിട്ടില്ല. വർക്കലയിലെ കോളേജിന് മെഡിക്കൽ കൗൺസിൽ അംഗീകാരം വാങ്ങുന്നതിന് 5 കോടി 60ലക്ഷം രൂപയുടെ കോഴ ഇടപാട് നടന്നെന്നായിരുന്നു ബിജെപി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം തുടങ്ങിയത്. എന്നാൽ വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോൾ ബിജെപി അന്വേഷണ കമ്മീഷനംഗങ്ങളായ കെ പി ശ്രീശനും എ കെ നസീറും മലക്കം മറിഞ്ഞു.

പ്രചരിക്കുന്ന അന്വേഷണ റിപ്പോർട്ട് തങ്ങളുടേതല്ലെന്നായിരുന്നു രണ്ടുപേരുടേയും മൊഴി. കോഴ നൽകിയിട്ടില്ലെന്നും കൺസൽട്ടൻസി ഫീസായി 25 ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നും കോളേജ് ഉടമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇടപാടിലെ തുക എത്രയെന്നത് സംബന്ധിച്ച് കോളേജ് ഉടമയും, ബിജെപി നേതാക്കളും, ഇടനിലക്കാരനും വ്യത്യസ്ത മൊഴികൾ നൽകിയതും വിജിലൻസ് പരിശോധിച്ച് വരികയാണ്. രേഖകളുടെ പരിശോധനയാണ് നടക്കുന്നത്. കോളേജ് ഉടമ ആർ ഷാജിയോടും, പണം കൈപ്പറ്റിയ ഇടനിലക്കാരൻ സതീഷ് നായരോടും ഇടപാടിന്റെ രേഖകളും രസീതും ഹാജരാക്കാൻ വിജിലൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത് ഉടൻ കൈമാറാമെന്നാണ് ഇരുവരും വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. രേഖകളുടെ പരിശോധന കൂടി പൂർത്തിയായ ശേഷം അന്തിമറിപ്പോർട്ട് തയ്യാറാക്കാനാണ് വിജിലൻസിന്റെ തീരുമാനം.