LiveTV

Live

Kerala

തുമ്പമണ്‍ പള്ളിയുടെ 1300മത് വാര്‍ഷികം; നിര്‍ദ്ധന യുവതികള്‍ക്കായി സമൂഹ വിവാഹം

തുമ്പമണ്‍ പള്ളിയുടെ 1300മത് വാര്‍ഷികം; നിര്‍ദ്ധന യുവതികള്‍ക്കായി സമൂഹ വിവാഹം
Summary
ഇതര മതവിഭാഗത്തില്‍ പെട്ടവരടക്കം 13 നിര്‍ദ്ധന യുവതികളുടെ വിവാഹം നടത്തിയും 10 പേരുടെ വിവാഹത്തിന് സഹായധനം നല്‍കിയുമാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്

മധ്യതിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പത്തനംതിട്ട തുമ്പമണ്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്സ് ഭദ്രാസന ദേവാലയം 1,300 മത് വാര്‍ഷികത്തിന്റെ നിറവില്‍. ഇതര മതവിഭാഗത്തില്‍ പെട്ടവരടക്കം 13 നിര്‍ദ്ധന യുവതികളുടെ വിവാഹം നടത്തിയും 10 പേരുടെ വിവാഹത്തിന് സഹായധനം നല്‍കിയുമാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സ്വപ്നമാംഗല്യം എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 13 പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞു. അഞ്ച് വിവാഹങ്ങള്‍ ഉദ്ഘാടന വേദിയില്‍ നടന്നപ്പോള്‍ മറ്റ് വിവാഹങ്ങള്‍ അവരവരുടെ വിവാഹപ്പന്തലില്‍ നടന്നു.

അതത് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. പത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം അടക്കം ആകെ 23 പേര്‍ക്ക് ആനുകൂല്യം ലഭിച്ചു. ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപവും 3 പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രവുമാണ് സംഘാടകര്‍ നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. ഇറോം ശര്‍മിളയും ഭര്‍ത്താവും മുഖ്യാതിഥികളായിരുന്നു. കനിവ് എന്ന പേരില്‍ 1300 പേര്‍ക്ക് പഠന ചികിത്സ തൊഴില്‍ ദാന സഹായങ്ങള്‍, മാരക രോഗങ്ങളുള്ളവര്‍ക്ക് സ്നേഹ സ്പര്‍ശം എന്ന പേരില്‍ 1000 രൂപ വീതം പെന്‍ഷന്‍, നിര്‍ദ്ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന തണല്‍ എന്നീ പദ്ധതികളും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.