LiveTV

Live

Kerala

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി 

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി 
Summary
മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശമെന്ന് സര്‍ക്കാര്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെയുള്ള പരാമര്‍ശം നീക്കികിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ‍മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശമുന്നയിച്ചതെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വ്യക്തിപരമായ നേട്ടത്തിന് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജയും പറഞ്ഞു.

ബാലാവകാശകമ്മീഷന്‍ അംഗമായി ടിബി സുരേഷിനെ നിയമിച്ചതില്‍ മന്ത്രി സദുദ്ദേശപരമല്ലാത്ത രീതിയില്‍ അധികാരം വിനിയോഗിച്ചെന്ന കോടതി പരാമര്‍ശം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. കൂടുതല്‍ ആളുകളില്‍ നിന്നും അപേക്ഷ സ്വീകരിക്കാനുള്ള സദുദ്ദേശത്തോടെയായിരുന്നു തീയതി നീട്ടിയത്. മന്ത്രിയുടെ ഭാഗം വിശദീകരിക്കാന്‍ കോടതി അവസരം നല്‍കിയില്ല. കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് മന്ത്രിയെ താഴ്ത്തികെട്ടുന്ന രീതിയിലുള്ള പരാമര്‍ശമാണ്. അത്കൊണ്ട് കേസില്‍ കക്ഷിയല്ലാത്ത മന്ത്രിയെ‌ വിമര്‍ശിച്ചത് നീക്കണമെന്നും സര്‍ക്കാരിന്‍റെ അപ്പീലില്‍ പറയുന്നു.

അതേസമയം എല്ലാ ജില്ലകൾക്കും പ്രാതിനിധ്യം ലഭിക്കാൻ വേണ്ടിയാണ് അപേക്ഷ തീയതി നീട്ടിയതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കെ കെ ശൈലജ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. വസ്തുത കോടതിക്ക് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു. നിയമനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമാണെന്നും,ടി.ബി സുരേഷിന്‍റെ നിയമനത്തിന്‍റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു