LiveTV

Live

Kerala

പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് അതൃപ്തി

പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് അതൃപ്തി
Summary
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. പിസിയുടെ മൊഴിയെടുക്കുന്നതിന് കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സഭയില്‍ പിസിക്കെതിരെ പരാമര്‍ശം നടത്തണമെന്നും..

ആക്രമിക്കപ്പെട്ട നടിയെയും വനിതാ കമ്മീഷനെയും അവഹേളിച്ച പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചു. എംഎല്‍എക്കെതിരെ നിയമസഭയില്‍ പരാമര്‍ശം നടത്തണമെന്നും കമ്മീഷന്‍ പി ശ്രീരാമകൃഷണനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പി സി ജോര്‍ജിനെതിരെ ഇന്ന് രാവിലെ വീണ്ടും സ്പീക്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സ്പീക്കര്‍ക്ക് ഫെയ്സ്ബുക്കിലൂടെ തന്നെ പി സി ജോര്‍ജ് മറുപടിയും നല്‍കി.

‌‌മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട നടി ആക്രമണം നടന്നതിന്റെ രണ്ടാം ദിവസം ഷൂട്ടിങ്ങിന് പോകുമോയെന്ന പി സി ജോര്‍ജിന്റെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതേത്തുടര്‍ന്ന് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും രണ്ട് തവണ സ്പീക്കര്‍ പിസിക്കെതിരെ അതിരൂക്ഷമായ വിമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കേസെടുത്ത വനിതാ കമ്മീഷനെ അവഹേളിക്കുന്ന തരത്തിലായിരുന്നു പി സി ജോര്‍ജിന്റെ മറുപടി. ഇതേത്തുടര്‍ന്നാണ് ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചത്.
നിയമസഭക്ക് അകത്ത് ജോര്‍ജിനെതിരെ പരാമര്‍ശം നടത്തണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തുന്നതിന് സ്പീക്കറുടെ അനുമതിയും തേടി.

അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷണനെതിരെ പി സി ജോര്‍ജ് രംഗത്ത് വന്നു. എല്ലാവരേയും ഒരേപോലെ കാണാന്‍ ബാധ്യതയുള്ള സ്പീക്കര്‍ ഒരാളെ മാത്രം തിരഞ്ഞ് പിടിച്ച് വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് കുറ്റപ്പെടുത്തല്‍. മന്ത്രി എം എം മണി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അവഹേളിച്ചപ്പോള്‍ മിണ്ടാതിരുന്ന സ്പീക്കര്‍ രാഷ്ട്രീയ മനസ്സോടെയാണ് തന്നെ വിമര്‍ശിക്കുന്നതെന്നും പി സി ഫെയ്സ്ബുക്കില്‍ കുറിച്ചു.