LiveTV

Live

Kerala

ജിഷ കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി

ജിഷ കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി
Summary
അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്

പെരുമ്പാവൂരിലെ ജിഷാവധക്കേസിലെ മഹസര്‍ സാക്ഷിയായിരുന്ന സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍‌ അന്വേഷണം ആരംഭിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.

ഇന്നലെയാണ് പെരുമ്പാവൂരില്‍ സ്വന്തം വീട്ടിനുള്ളില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറുപ്പുംപടി എസ്ഐ ഷമീറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. വീട്ടിലുള്ളവരുടെയും അയല്‍വാസികളുടേയും മൊഴികള്‍ രേഖപ്പെടുത്തും. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയുടെ ചെരിപ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് സാബുവിനെ മഹസര്‍ സാക്ഷിയാക്കിയത്. ഇക്കാര്യത്തില്‍ മറ്റൊരു സാക്ഷി കൂടി ഉണ്ടായിരുന്നതിനാല്‍ സാബുവിന്‍റെ വിസ്താരം പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

സാബു തങ്ങളെയും കുടുംബത്തെയും ശല്യം ചെയ്തിരുന്നുവെന്ന് നിയമ വിദ്യാര്‍ഥിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് ഇരുട്ടു മുറിയിലിട്ട് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുപോകുമോ എന്ന് ഭയന്നിരുന്നെന്ന് സാബു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീടാണ് കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാവുകയും ഇയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തത്. കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ വിചാരണ എറണാകുളം ജുഡീഷ്യല്‍‌ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുകയാണ്.