LiveTV

Live

Kerala

ഗ്രൂപ്പിസം; മുസ്ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍

Summary
ആറ് മാസ കാലാവധിയാണ് സംഘടനാ തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പതിനൊന്ന് മാസമായിട്ടും..

ഗ്രൂപ്പിസം മൂലം മുസ്ലിം ലീഗിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നു. ഫെബ്രുവരിയില്‍ അവസാനിക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പാണ് ഇനിയും പൂര്‍ത്തിയാകാത്തത്. അഞ്ച് ജില്ലകളിലാണ് ശക്തമായ ഗ്രൂപ്പിസമുള്ളത്. 2016 സെപ്തംബറില്‍ ആരംഭിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിക്കുന്ന ആറ് മാസ കാലാവധിയാണ് സംഘടനാ തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പതിനൊന്ന് മാസമായിട്ടും തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

മലപ്പുറം, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ മാത്രമാണ് മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയായത്. ജില്ലാ കമ്മിറ്റി രൂപീകരിച്ചതാകട്ടെ പാലക്കാട് മാത്രവും. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഗ്രൂപ്പിസം മൂലം കമ്മിറ്റികളുടെ രൂപീകരണം തര്‍ക്കങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ബേപ്പൂരും കോഴിക്കോട് സൌത്തും ഉള്‍പ്പെടെ കോഴിക്കോട്ടെ അഞ്ച് മണ്ഡലങ്ങളില്‍ ശാഖാ കമ്മിറ്റി രൂപീകരണം പോലും പ്രതിസന്ധിയിലാണ്.

പ്രായ പരിധി മൂലം യൂത്ത് ലീഗില്‍ നിന്നും പുറത്തായ പലരും മുസ്ലിം ലീഗിന്‍റെ സംഘടനാ തെരഞ്ഞെടുപ്പില്‍ പദവികള്‍ പ്രതീക്ഷിക്കുന്നവരാണ്. യുവജന സംഘടനയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പലരും അതുകൊണ്ട് തന്നെ പദവികളൊന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നീളുന്നതിലുള്ള വിമര്‍ശം പാര്‍ടി നേതൃയോഗങ്ങളിലും ഉയരുന്നുണ്ട്.