LiveTV

Live

Kerala

നെഹ്റു ട്രോഫിയ്ക്ക് ഭാഗ്യചിഹ്നമായി; ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ച്

നെഹ്റു ട്രോഫിയ്ക്ക് ഭാഗ്യചിഹ്നമായി; ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ച്
Summary
അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം നടന്‍ വിനായകന്‍ പ്രകാശനം ചെയ്തു. ഭാഗ്യ ചിഹ്നത്തിന് അനുയോജ്യമായ പേര് കണ്ടെത്താന്‍ എന്‍ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. സ്വര്‍‍ണനാണയമാണ്..

അറുപത്തിയഞ്ചാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്‍ വിനായകനാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്. ഓലത്തോണി തുഴയും കുട്ടനാടന്‍ കൊഞ്ചാണ് ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നം.

നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ച 63എൻട്രികളിൽനിന്നാണ് വെച്ചൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ മുൻ ചിത്രകലാധ്യാപകന്‍ പാതിരപ്പള്ളി അഭിരാമത്തിൽ വി.ആർ. രഘുനാഥ് വരച്ച ഓലത്തോണി തുഴയും കുട്ടനാടൻ കൊഞ്ച് ഇത്തവണത്തെ ഭാഗ്യചിഹ്നമായത്. താന്‍ പങ്കെടുത്ത ഏറ്റവും വലിയ ചടങ്ങാണിതെന്നും 15 വര്‍ഷം മുന്‍പ് നെഹ്റു ട്രോഫി വള്ളം കളി കാണാനെത്തി വേദിയുടെയും മറ്റും അടുത്തെത്താനാവാതെ നിന്നിട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു.

ഭാഗ്യ ചിഹ്നത്തിന് അനുയോജ്യമായ പേര് കണ്ടെത്താന്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിയ്ക്ക് സ്വര്‍‍ണനാണയം സമ്മാനമായി ലഭിക്കും. വള്ളംകളി പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം പുന്നമട ഫിനിഷിംങ് പോയന്റില്‍ ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിച്ചു.