LiveTV

Live

Kerala

വീട്ടമ്മയുടെ ആത്മഹത്യാശ്രമം: വിന്‍സെന്റ് എംഎല്‍എയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

വീട്ടമ്മയുടെ ആത്മഹത്യാശ്രമം: വിന്‍സെന്റ് എംഎല്‍എയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും
Summary
പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍..

വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം വിന്‍സെന്റിന്‍റെ മൊഴി അന്വേഷണസംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും. കടയില്‍ വച്ച് എംഎല്‍എ തന്നെ കയറിപ്പിടിച്ചുവെന്ന് വീട്ടമ്മ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘത്തിന് പോകേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ എംഎല്‍എയുടെ രാജി ആവശ്യം ശക്തമായതോടെ കോണ്‍ഗ്രസും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.

എം വിന്‍സന്‍റ് എംഎല്‍എ കടയില്‍ വന്ന് തന്നെ കയറി പിടിച്ചുവെന്ന വീട്ടമ്മ പറയുന്നത് മീഡിയവണ്ണാണ് ഇന്നലെ പുറത്ത് വിട്ടത്. മജിസ്ട്രേറ്റിന് മുന്നിലും,അന്വേഷണസംഘത്തിന് മുന്നിലും വീട്ടമ്മ ഇതേകാര്യങ്ങള്‍ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടമ്മയെ വൈദ്യപരിശോധന നടത്തുമ്പോള്‍ പീഡനശ്രമം തെളിഞ്ഞാല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്ന സൂചന അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. പീഡനശ്രമവും ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഉടനടി തന്നെ എംഎല്‍എയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. എന്നാല്‍ തനിക്കെതിരായ ആരോപണം വസ്തുതയല്ലെന്ന നിലപാട് തന്നെയാണ് എംഎല്‍എ സ്വീകരിക്കുന്നത്.

കേസ് ഒതുക്കി തീര്‍ക്കാന്‍ വീട്ടമ്മയുടെ സഹോദരനുമായി സംസാരിച്ചതിന്‍റേയും,വീട്ടമ്മ സഹോദരനോട് സംസാരിച്ചതിന്‍റേയും ശബ്ദരേഖ പുറത്ത് വന്നതോടെ എംഎല്‍എ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. അടുത്ത മാസം ഏഴിന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ എം വിന്‍സന്‍റിനെതിരായ ആരോപണം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളാരും എംഎല്‍എയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.