LiveTV

Live

Kerala

മലപ്പുറത്ത് രണ്ടായിരം വൃക്ക രോഗികള്‍ പ്രതിസന്ധിയില്‍

മലപ്പുറത്ത് രണ്ടായിരം വൃക്ക രോഗികള്‍ പ്രതിസന്ധിയില്‍
Summary
സൊസൈറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും തദ്ദേശവകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ഇവര്‍ക്ക് വിനയായത്

മലപ്പുറം കിഡ്നി സൊസൈറ്റിയില്‍ നിന്നുള്ള സഹായം നിലച്ചതോടെ പ്രതിസന്ധിയിലായത് ജില്ലയിലെ രണ്ടായിരം വൃക്ക രോഗികളാണ്. ഡയാലിസിസ് ചെയ്യുന്നവരും വൃക്ക മാറ്റിവെച്ചവരുമായ നിര്‍ധനര്‍ക്ക് ലഭിച്ചിരുന്ന സഹായമാണ് കഴിഞ്ഞ രണ്ട് മാസമായി നിലച്ചിരിക്കുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും തദ്ദേശവകുപ്പും തമ്മിലുള്ള തര്‍ക്കമാണ് ഇവര്‍ക്ക് വിനയായത്.

കൂലിപ്പണിക്കാരനായ അബ്ദുല്‍ അസീസും ഡ്രൈവറായ സുബ്രമണ്യനും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നവരാണ്. ഒന്നര വര്‍ഷം മുന്‍പായിരുന്നു അസീസിന്‍റെ ശസ്ത്രക്രിയ. മരുന്നിന് മാത്രം മാസം പതിനായിരം രൂപ വേണം. കിഡ്നി സൊസൈറ്റിയില്‍ നിന്നുള്ള സഹായം നിലച്ചതോടെ മരുന്നിന് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് അസീസ്.

സുബ്രമണ്യന്‍റെ സ്ഥിതിയും സമാനമാണ്. കിഡ്നി സൊസൈറ്റിയില്‍ നിന്നുള്ള സഹായം പുനസ്ഥാപിക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സുബ്രമണ്യനും. ഡയാലിസിസ് ചെയ്യുന്ന ആയിരത്തഞ്ഞൂറ് പേരും വൃക്ക മാറ്റിവെച്ച അഞ്ഞൂറ് പേര്‍ക്കുമാണ് മലപ്പുറം കിഡ്നി സൊസൈറ്റി സൌജന്യ ചികില്‍സയും മരുന്നും നല്‍കിയിരുന്നത്.

സൊസൈറ്റിയെ ചൊല്ലി മലപ്പുറം ജില്ലാ പഞ്ചായത്തും തദ്ദേശവകുപ്പും തമ്മിലുള്ള തര്‍ക്കം മൂലം പദ്ധതിക്കുള്ള സര്‍ക്കാര്‍ സഹായം നിലച്ചതാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്.