LiveTV

Live

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു
Summary
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ദീര്‍ഘകാലം മലയാള മനോരമ ലേഖകനുമായിരുന്നു

മുതിർന്ന മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫുമായിരുന്ന വി.ജി വിജയൻ (58) നിര്യാതനായി. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ഒരു മാസമായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. നിലവിൽ അഖിലേന്ത്യ കിസാൻ സഭയുടെ കൽപ്പറ്റ മണ്ഡലം സെക്രട്ടറി സ്ഥാനം വഹിച്ചു വരികയായിരുന്നു.

 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

20 വർഷക്കാലം മലയാള മനോരമയിലാണ് വിജയൻ പ്രവർത്തിച്ചത്. കേരളകൗമുദിയിലും ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. നിരവധി കാലം വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡൻറും സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അന്വേഷണാത്മകമായ പത്രപ്രവർത്തനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നല്കി. വയനാട്ടിൽ ആദിവാസികൾ ഉൾപ്പെടെ പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിൽ വിജയൻ എന്നും മുൻപന്തിയിലായിരുന്നു. ജനപക്ഷത്ത് നിലയുറപ്പിച്ച പത്രപ്രവർത്തകനായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്​.

പത്രപ്രവർത്തകൻ എന്നതിൽ ഉപരി പൊതുപ്രവർത്തകൻ എന്ന നിലയിലും വിജയൻ അറിയപ്പെട്ടു. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലതരം പ്രശ്നങ്ങളുമായി ജനങ്ങൾ വിജയനെ കാണാൻ എത്തുമായിരുന്നു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ വിജയൻ ഓടി നടക്കും. കോഴിക്കോട് ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുമ്പോൾ എ ഐ.എസ്.എഫ് പ്രവർത്തകനായാണു പൊതുരംഗത്തേയ്ക്ക് വന്നത്. എ ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജനയുഗത്തിൽ പത്രവിതരണക്കാരനായിട്ടാണു ജോലിയുടെ തുടക്കം. പഠിക്കാൻ പണമില്ലാതെ വന്നപ്പോഴായിരുന്നു അത്. ഗവ: ആർട്സ് കോളേജിലെ ഫൈൻ ആർട്സ് സെക്രട്ടറിയായിരുന്നു. പഠനശേഷം കോഴിക്കോട് ജനയുഗത്തിൽ പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു.

പിണങ്ങോട് ഗവ.യു പി സ്ക്കൂൾ അധ്യാപിക പി.കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ.യു പി അധ്യാപിക), അരുണ (അസി. പ്രൊഫ. സെന്റ് മേരിസ് കോളേജ് ബത്തേരി ) എന്നിവർ മക്കളും എം.പി പ്രശാന്ത് മരുമകനുമാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ എമിലിയിലെ വീട്ടുവളപ്പിൽ നടക്കും.