LiveTV

Live

Kerala

ഫിസിയോ തെറാപ്പിയും മുടങ്ങി; ടീച്ചറെ കാത്ത് രഹന്‍ലാല്‍

ഫിസിയോ തെറാപ്പിയും മുടങ്ങി; ടീച്ചറെ കാത്ത് രഹന്‍ലാല്‍
Summary
സെറിബ്രല്‍ പള്‍സി മൂലം പ്രയാസപ്പെടുന്ന രഹന്‍ അധ്യാപകരുടെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനത്തില്‍ വലിയ പുരോഗതി കൈവരിച്ചെങ്കിലും പഠനം മുടങ്ങിയതോടെ വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുപോവുകയാണ്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠന കാര്യത്തില്‍ അധികൃതരുടെ പിടിപ്പുകേടിന്റെ ഗൌരവം വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം കാച്ചാണി സ്വദേശിയായ രഹന്‍ലാലെന്ന കുട്ടിയുടെ അവസ്ഥ. സെറിബ്രല്‍ പള്‍സി മൂലം പ്രയാസപ്പെടുന്ന രഹന്‍ അധ്യാപകരുടെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനത്തില്‍ വലിയ പുരോഗതി കൈവരിച്ചെങ്കിലും പഠനം മുടങ്ങിയതോടെ വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുപോവുകയാണ്.

പത്തുവയസ്സുണ്ട് രഹന്‍ ലാലിന്. കാര്യങ്ങള്‍ മനസ്സിലാവും, സംസാരിക്കും. പാട്ടുപാടും. നിരന്തരമായ പരിശീലനത്തിനും ഫിസിയോ തെറാപ്പിക്കും നന്ദി. പക്ഷെ, ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ആഴ്ചയിലൊരിക്കല്‍ ബ്ലോക് റിസോഴ്സ് സെന്ററിലെത്തിച്ചാല്‍ സ്പെഷ്യല്‍ ക്ലാസ് കിട്ടും. പക്ഷെ ഓട്ടോക്കാശ് 250 രൂപ കണ്ടെത്താന്‍ വഴിയില്ല.

ഭര്‍ത്താവുപേക്ഷിച്ചതോടെ പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന കവിതക്ക് വരുമാന മാര്‍ഗമൊന്നുമില്ല. പരിശീലനം നേടിയ അധ്യാപകരുടെ സേവനമുണ്ടെങ്കില്‍ മകന്‍ നല്ല പുരോഗതി നേടുമെന്നും ഒരിക്കല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുമെന്നും ഈ അമ്മക്ക് ഉറപ്പുണ്ട്. അവ്യക്തമെങ്കിലും ഉറച്ച ശബ്ദത്തില്‍ പ്രതീക്ഷയുടെ സ്വരത്തില്‍ രഹന്‍ പറയുന്നത് ഇതാണ്. എനിക്ക് പഠിക്കണം, ടീച്ചറെ വിട്ടുതരണം. ഗോഡ് ബ്ലസ് യൂ.