LiveTV

Live

Kerala

അസൌകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ്

അസൌകര്യങ്ങളില്‍ വീര്‍പ്പുമുട്ടി മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ്
Summary
ആദിവാസി വിഭാഗത്തിലുള്ളവരും സാധാരണക്കാരുമാണ് ആശുപത്രിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും

ആദിവാസി വിഭാഗത്തിലുള്ളവര്‍ ആംബുലന്‍സില്‍ പ്രസവിയ്ക്കുന്നത് തുടര്‍ക്കഥയായ വയനാട്ടില്‍, ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികള്‍ കിടക്കുന്നത് തറയില്‍. മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡിലാണ് ഈ കാഴ്ച. ആദിവാസി വിഭാഗത്തിലുള്ളവരും സാധാരണക്കാരുമാണ് ആശുപത്രിയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും.

വയനാട്ടിലെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്, ജില്ലാ ആശുപത്രിയെയാണ്. എന്നാല്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ഒരുക്കിയിട്ടില്ല. മുപ്പത് പേര്‍ക്കു മാത്രമാണ് ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കിടക്കാന്‍ സാധിയ്ക്കുന്നത്. എന്നാല്‍, ഇപ്പോള്‍ തന്നെ ഇവിടെ എഴുപതു പേരില്‍ അധികമുണ്ട്. ഗര്‍ഭിണികളും പ്രസവം കഴിഞ്ഞവരുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഒരു കിടക്കയില്‍ തന്നെ രണ്ടു പേരുണ്ട്. കൂട്ടിരിപ്പുകാര്‍ വേറെയും. സിസേറിയന്‍ കഴിഞ്ഞവരെ പോലും വെറും നിലത്താണ് കിടത്തുന്നത്. പിഞ്ചുകുട്ടികള്‍ക്ക് അണുബാധ പോലും ഉണ്ടാകാവുന്ന സാഹചര്യമാണ് നിലവില്‍. കൂടാതെ, ഡോക്ടര്‍മാര്‍ കൃത്യമായി പരിശോധനയ്ക്ക് എത്താറില്ലെന്ന പരാതിയും ഉണ്ട്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മറ്റ് സംവിധാനങ്ങളുടെയും കുറവെന്ന പതിവു പല്ലവിയാണ് ആശുപത്രി അധികൃതര്‍ ഇപ്പോഴും പറയുന്നത്.