LiveTV

Live

Kerala

സാമ്യങ്ങളേറെയുണ്ട് ഈ അമ്മമാര്‍ക്ക്...

സാമ്യങ്ങളേറെയുണ്ട് ഈ അമ്മമാര്‍ക്ക്...
Summary
രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല, നജീബിന്റെ ഉമ്മ നഫീസ ഫാത്തിമ, ഇപ്പോഴിതാ ഇങ്ങ് കേരളത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ... മക്കള്‍ക്ക് നീതിതേടി തെരുവിലിറങ്ങുന്ന പോരാളികളായ അമ്മമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ് ഭരണകൂടം
സാമ്യങ്ങളേറെയുണ്ട് ഈ അമ്മമാര്‍ക്ക്...

രോഹിത് വെമുലയുടെ അമ്മ രാധികാ വെമുല, നജീബിന്റെ ഉമ്മ നഫീസ ഫാത്തിമ, ഇപ്പോഴിതാ ഇങ്ങ് കേരളത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ... മക്കള്‍ക്ക് നീതിതേടി തെരുവിലിറങ്ങുന്ന പോരാളികളായ അമ്മമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ് ഭരണകൂടം

ഹൈദരാബാദ് സര്‍വകലാശാലയില്‍ രക്തസാക്ഷിയായ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്കും എബിവിപി മര്‍ദ്ദനത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസയ്ക്കും ഒപ്പമോ, അല്ലെങ്കില്‍ അതിന് മുകളിലോ മനുഷ്യത്വം മരിക്കാത്തവരുടെ മനസ്സില്‍ ഒരു വേദനയായി നില്‍ക്കുകയാണ് തൃശൂരിലെ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ മാനേജ്മെന്റ് പീഡനത്തിരയായി മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.

സാമ്യങ്ങള്‍ ഏറെയുണ്ട് മൂന്ന് അമ്മമാര്‍ക്കും. മക്കള്‍ വിട്ടകലുന്നത് വരെ പൊതുരംഗത്ത് അവരുണ്ടായിരുന്നില്ല. തങ്ങള്‍ നൊന്തുപെറ്റ മകന് നീതി കിട്ടാന്‍ വേണ്ടിയാണ് അവര്‍ മൂവരും തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. മകന് നഷ്ടപ്പെട്ട പൌരാവകാശം നേടി കൊടുക്കാന്‍ ഈ അമ്മമാര്‍ക്ക് പിന്നില്‍ നാടുമുഴുവന്‍ അണിനിരക്കുന്നു. കണ്ണുനീരിനിടയിലും തെളിഞ്ഞുകാണാം ഈ അമ്മമാരുടെ മുഖത്തെ നിശ്ചയദാര്‍ഢ്യം. കക്ഷിരാഷ്ട്രീയഭേദമില്ലാത്ത അധികാരവര്‍ഗത്തിന് ഭീഷണിയായി അവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും മകനുള്ള നീതിയെവിടെ എന്ന അവരുടെ ചോദ്യത്തിന് മുന്നില്‍ ഇന്നും ഭരണകൂടം മൌനം പാലിക്കുന്നു.

സാമ്യങ്ങളേറെയുണ്ട് ഈ അമ്മമാര്‍ക്ക്...

2016 ജനുവരി 17 ന് ആണ് രോഹിത വെമുലയെ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. രോഹിത് വെമുലയുടെ ഒന്നാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് രാധിക വെമുലയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 2017 ജനുവരി 17 ന്.

സാമ്യങ്ങളേറെയുണ്ട് ഈ അമ്മമാര്‍ക്ക്...

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യുവില്‍ നിന്നും നജീബിനെ കാണാതാകുന്നത്. എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നജീബിന്റെ തിരോധാനം. നവംബര്‍ ആറിന് എന്റെ മകനെവിടെ എന്ന് ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആ ഉമ്മ ചോദിച്ചതിനാണ് അവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചത്. ഇപ്പോഴിതാ കേരളത്തിന്റെ തലസ്ഥാന നഗരിയിലൂടെ ജിഷ്ണുവിന്റെ അമ്മ മഹിജയും.

ഒത്തിരിയൊത്തിരി പ്രതീക്ഷകളോടെ പഠിക്കാൻ പോയ, അവസാനത്തെ സമ്പാദ്യവും എണ്ണിപ്പെറുക്കിയും തികയാത്തത് ഇരന്നും നല്‍കി പഠിക്കാന്‍ പറഞ്ഞയച്ച, മകനെ/ളെ കാണാതായെന്നോ, കൊല്ലപ്പെട്ടെന്നോ, മരിച്ചെന്നേ കേള്‍ക്കേണ്ടിവരുന്ന, പേരറിയാത്ത മക്കളുടെ പേരറിയാത്ത അമ്മമാർ ഇനിയും ഇവിടെയെവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട്.. അവരും കൂടി തെരുവിലേക്കിറങ്ങിയാല്‍, അവര്‍ കണ്ണകിമാരായാല്‍, ആ അഗ്നിയാല്‍ ചുട്ടുചാമ്പലായിപ്പോകും കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ നീതിയും നിയമവ്യവസ്ഥയും ഇരട്ടചങ്കും, അന്പത്തിനാലിഞ്ചും....