LiveTV

Live

Kerala

ആദ്യ ഇഎംഎസ് മന്ത്രിസഭക്ക് ഇന്ന് 60വയസ്

ആദ്യ ഇഎംഎസ് മന്ത്രിസഭക്ക് ഇന്ന് 60വയസ്
Summary
ബാലറ്റ് പേപ്പറിലൂടെ ലോകത്ത് തന്നെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സംഭവിച്ച അത്ഭുതമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് ഇന്ന് അറുപത് വര്‍ഷം തികയുന്നു. ബാലറ്റ് പേപ്പറിലൂടെ ലോകത്ത് തന്നെ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സംഭവിച്ച അത്ഭുതമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഒട്ടേറെ വിപ്ലകരമായ പദ്ധതികള്‍ക്ക് തുടക്കമിട്ട ഇഎംഎസ് സര്‍ക്കാരിന് പക്ഷെ 28 മാസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

1957 ഏപ്രില്‍ അഞ്ചിനാണ് ഇംഎംഎസിന്റെ നേതൃത്വത്തില്‍ ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഞെട്ടിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേടിയത് 35.28 ശതമാനം വോട്ട്. പാര്‍ട്ടിയുടെ ജനകീയ സമരങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്ന മാറ്റവും ഈ വിജയം സാധ്യമാക്കി.

തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയെന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയത് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യ അനുഭവമായിരുന്നു. ജോസഫ് മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍, സി അച്യുതമേനോന്‍ തുടങ്ങി പ്രതിഭാധനരുടെ മന്ത്രിസഭ. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, വിദ്യാഭ്യാസ ബില്‍, കാര്‍ഷിക ബന്ധ ബില്‍, വ്യവസായ ബന്ധ ബില്‍, ആരോഗ്യരംഗത്തെയും പൊതുവിതരണ രംഗത്തെയും ഇടപെടലുകള്‍.

വിപ്ലവകരവും ജനക്ഷേമകരവുമായ ഭരണനടപടികള്‍ക്ക് പിന്നാലെ വിവാദങ്ങള്‍. വിദ്യാഭ്യാസ ബില്ലിനെതിരെ സാമുദായിക ശക്തികള്‍ ഒന്നിച്ചു. കാര്‍ഷിക നിയമത്തിനെതിരെ സമ്പന്ന വര്‍ഗം, ഒരണ സമരവുമായി വിദ്യാര്‍ഥികള്‍, ആന്ധ്രാ അരി കുംഭകോണം ഉന്നയിച്ച് പ്രതിപക്ഷം. സാമുദായിക ശക്തികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി അണിനിരന്ന വിമോചന സമരം ഒടുവില്‍ ഇഎംഎസ് സര്‍ക്കാരിന്റെ പുറത്താകലിലാണ് കലാശിച്ചത്. 1959 ജൂലൈ 31ആം തീയതി ഭരണഘടനയുടെ 356ആം വകുപ്പനുസരിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏട്.