LiveTV

Live

Kerala

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: മുഴുവന്‍ എംഎല്‍എമാരോടും മണ്ഡലത്തില്‍ സജീവമാകാന്‍ ലീഗ് നിര്‍ദ്ദേശം

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: മുഴുവന്‍ എംഎല്‍എമാരോടും മണ്ഡലത്തില്‍ സജീവമാകാന്‍ ലീഗ് നിര്‍ദ്ദേശം
Summary
കുഞ്ഞാലിക്കുട്ടി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന സൂചന നല്‍കിയാണ്

മുസ്‍ലിം ലീഗിന്റെ മുഴുവന്‍ എംഎല്‍എമാരോടും മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എം.എല്‍.എമാരുടെ യോഗം വിളിച്ചാണ് നേത്യത്വം തീരുമാനം അറിയിച്ചത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രഥമ പരിഗണ നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കി.

മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന സൂചന നല്‍കിയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എംഎല്‍എമാര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. എംഎല്‍എ ഹോസ്റ്റലിലെ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മുറിയിലായിരുന്നു അടിയന്തര യോഗം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ എംഎല്‍എമാരും അവരവരുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേഗത്തില്‍ ഇടപെടണമെന്നും നിര്‍ദ്ദേശിച്ചു.
ആദ്യഘട്ടത്തില്‍ മണ്ഡലങ്ങളുടെ ചുമതലയും, പിന്നീട് പഞ്ചായത്തുകളുടെ ചുമതലയുമായിരിക്കും എംഎല്‍എമാര്‍ക്ക് നല്‍കുക. രണ്ടരലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കരുതെന്ന നിര്‍ദ്ദേശവും നല്‍കി.അടുത്തയാഴ് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുമെന്നാണ് വിവരം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന്
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കും. വരും ആഴ്ചകളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നടപടികളിലേക്ക് സി പി എം ഇന്ന് കടക്കും. ഭരണത്തിനെതിരെ സിപിഐ ഉന്നയിച്ച ആക്ഷേപങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചക്ക് വന്നേക്കും.